പൊതുമേഖല വിറ്റു തുലയ്ക്കുകയാണ് കേന്ദ്രം! കേന്ദ്രം വായ്പ എടുക്കുന്നതില്‍ കുഴപ്പം ഇല്ല, സംസ്ഥാനം എടുക്കുമ്പോഴാണ് പ്രശ്‌നം: കെ സുരേന്ദ്രന് മറുപടിയുമായി മന്ത്രി തോമസ് ഐസക്

ആലപ്പുഴ: കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമാണെന്നും മോഡി സര്‍ക്കാറിന് നന്ദി പറയണമെന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്.

സുരേന്ദ്രന്റെ പരാമര്‍ശം ഏറ്റവും വലിയ തമാശയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരള ബജറ്റുമായി താരതമ്യം ചെയ്യണമെന്നാണ് സുരേന്ദ്രന്റെ ആഗ്രഹം. സംസ്ഥാനങ്ങളുടെ കമ്മി കേന്ദ്രത്തെക്കാള്‍ കുറവാണ്. സംസ്ഥാന ബജറ്റില്‍ കമ്മിയും കടവും ആണെന്നായിരുന്നല്ലോ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണമെന്നും തോമസ് ഐസക് ചോദിച്ചു.

പുതിയ ബജറ്റ് ഇന്നത്തെ മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റില്ല. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് പൂര്‍ണമായി നിരാശയാണ്. ദേശീയ പാതയ്ക്ക് ഉള്ള 65000 കോടി വലിയ തമാശയാണ്. അത് പുതിയ പ്രഖ്യാപനം അല്ല. കിഫ്ബി പോലെ വായ്പ എടുത്ത് ആണ് പണം നല്‍കുന്നത്. ഇവരാണ് കിഫ്ബിയെ കുറ്റം പറയുന്നത്.

എന്‍എച്ച്എഐ വായ്പയും കിഫ്ബി വായ്പയും എങ്ങനെ വ്യത്യാസപ്പെടും. അടുത്ത വര്‍ഷം വളര്‍ച്ച കുതിച്ചു കയറും എന്നത് ശുദ്ധ അസംബന്ധമാണ്. മുന്‍ വര്‍ഷങ്ങളില്‍ ചെലവഴിച്ച തുകയില്‍ ഒരു ശതമാനം പോലും കൂടുതല്‍ ഇത്തവണ ഇല്ല.

202122ലും സാമ്പത്തികനില ഉയരില്ല. വരുമാനം കുറയും. പണം ഇല്ലാതെ വരും. അതിന് പൊതു മേഖലയെ ആകെ വില്‍ക്കാന്‍ പോകുന്നു. പെട്രോള്‍ ഡീസല്‍ വിലക്കുറവിനെ പറ്റി ഒരു വാചകവും പറയുന്നില്ല. കൊച്ചി മെട്രോ പ്രഖ്യാപിച്ച 1957 കോടിയില്‍ 338 കോടിയേ കിട്ടു. ഇതിന് തുല്യമായ തുക സംസ്ഥാനവും നല്‍കണം. ബാക്കി മെട്രോ വായ്പ എടുക്കണ്ട തുകയാണ്.

പൊതുമേഖല വിറ്റു തുലയ്ക്കുക ആണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രം വായ്പ എടുക്കുന്നതില്‍ കുഴപ്പം ഇല്ല, സംസ്ഥാനം എടുക്കുമ്പോഴാണ് പ്രശ്‌നം. സംസ്ഥാന ബജറ്റിന് എതിരെ ബിജെപി നടത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിഞ്ഞു. യുപിഎ സര്‍ക്കാറിനോട് പിന്നെയും കാര്യങ്ങള്‍ പറയാമായിരുന്നു, ബിജെപി സര്‍ക്കാര്‍ വേറൊരു ജനുസ്സാണെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര ബജറ്റ് വികസന കുതിപ്പിന് ഗതിവേഗം നല്‍കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. ബജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version