ആനപ്രേമികളുടെ ‘തലയെടുപ്പിന്റെ തമ്പുരാൻ’ മംഗലാംകുന്ന് കർണൻ ചരിഞ്ഞു

mangalamkunnu karnan

ചെർപ്പുളശ്ശേരി: ആനപ്രേമികളുടെ പ്രിയങ്കരനായി ഉത്സവപ്പറമ്പുകളിൽ തലപ്പൊക്കം കൊണ്ട് ആരേയും ആകർഷിക്കുന്ന കൊമ്പൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തെ തുടർന്ന് അവശനായിരുന്നു കർണനെന്നാണ് വിവരം. പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാർ വനത്തിൽ.

കോവിഡ് കാലത്തിന് മുമ്പ് 2019 മാർച്ചിലായിരുന്നു മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്. എഴുന്നള്ളത്ത് തുടങ്ങുംമുതൽ തിടമ്പ് ഇറക്കുംവരെ പ്രൗഢ ഭാവത്തിലുള്ള കർണന്റെ നിൽപ്പ് ആനപ്രേമികൾക്ക് മറക്കാൻ കഴിയാത്ത ഓർമ്മയാണ്. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്.

ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റാനകളേക്കാൾ കർണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കർണൻറേത്. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണനെന്ന് ആനപ്രേമികൾ പറയുന്നു.

ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 91 ൽ വാരണാസിയിൽനിന്നാണ് കർണൻ കേരളത്തിലെത്തുന്നത്. വരുമ്പോൾത്തന്നെ കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റെ ഉടമസ്ഥതയിൽ കർണൻ മനിശ്ശേരി കർണനായിരുന്നു.കർണന്റെ തലയെടുപ്പും ആത്മവിശ്വാസവും ആദ്യകാലത്തെ പാപ്പാനായിരുന്ന പാറശ്ശേരി ചാമിയുടെ പരിശീലനത്തിന്റെ കൂടി മികവായിരുന്നു.

Exit mobile version