ആഴക്കടലിലേക്ക് വലയെറിഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത് ‘ആനച്ചൊറി’..! ഇതെന്തൊരു പൊല്ലാപ്പ്, കഷ്ടത്തിലായി മത്സ്യമേഖല

പൊന്നാനി: ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്. ഏറെ പ്രതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് ഇവര്‍ പോയത്. എന്നാല്‍ ആഴക്കടലിലേക്ക് വലയെറിഞ്ഞപ്പോള്‍ കിട്ടിയത് ആനച്ചൊറി മത്സ്യം അതായത് ജെല്ലി ഫിഷ്.

മത്സ്യ ബന്ധനത്തിനിറങ്ങിയ ചെറുതും വലുതുമായ ബോട്ടുകളിലെ വലകളിലാണ് 20 കിലോയിലധികം തൂക്കംവരുന്ന ആനച്ചൊറി മത്സ്യം കുടുങ്ങിയത്. രക്ഷയില്ലാതായതോടെ മുഴുവന്‍ ബോട്ടുകളും മത്സ്യബന്ധനം നിര്‍ത്തി കരക്കടുപ്പിച്ചു.
വലയിട്ട് നിമിഷനേരങ്ങള്‍ക്കകം ആനച്ചൊറി മത്സ്യം വലയില്‍ കുടുങ്ങുകയായിരുന്നു. ഒരു വിധത്തില്‍ ഇവയെ വലയില്‍നിന്ന് ഒഴിവാക്കി മറ്റ് മേഖലയില്‍ വലയെറിഞ്ഞെങ്കിലും ഇതുതന്നെയായി അവസ്ഥ. ഇതോടെ അങ്കലാപ്പിലായ മത്സ്യത്തൊഴിലാളികള്‍ വയര്‍ലെസിലൂടെ പരസ്പരം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുഴുവന്‍ ബോട്ടുകളും തിരിച്ചുവരികയായിരുന്നു.

ട്രോളിങ് നിരോധവും അടിയ്ക്കടിയുണ്ടായ പ്രകൃതിദുരന്തങ്ങളും വേലിയേറ്റവും ദുരിതംസൃഷ്ടിച്ച തീരത്തെ കൂടുതല്‍ പ്രയാസത്തിലാക്കിരിക്കുകയാണ് പുതിയ ഈ പ്രതിഭാസം.പ്രളയത്തിനും പ്രകൃതി ദുരന്തങ്ങള്‍ക്കുമൊടുവില്‍ പലരും ലോണെടുത്തും മറ്റുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ ആ കടം വീട്ടാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല.

ഇനി കടലില്‍ അടിഞ്ഞുകൂടിയ ജെല്ലി ഫിഷ് ഒഴിഞ്ഞുപോയാല്‍മാത്രമേ ബോട്ടുകള്‍ക്ക് കടലില്‍ പോകാനാവൂ. ലക്ഷങ്ങളുടെ ബാധ്യതയില്‍നിന്ന് തല്‍കാലം കരകയറാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഡീസല്‍ സബ്‌സിഡിയും പലിശരഹിത വായ്പയും നല്‍കണമെന്ന് ബോട്ട് ഉടമയും മത്സ്യത്തൊഴിലാളിയുമായ ഇകെ ഉമ്മര്‍ ആവശ്യപ്പെട്ടു.

Exit mobile version