കല്ലാറില്‍ ആന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റ്: ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിതുര കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷാണ് പിടിയിലായത്. ഇയാളുടെ പുരയിടത്തില്‍ റബ്ബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞതെന്നാണ് വനം വകുപ്പ് അധികൃതരുടെ കണ്ടെത്തല്‍.

ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെ പുരയിടത്തിലാണ് ആന ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അണുബാധയേറ്റതിനെ തുടര്‍ന്നാണ് ആന ചെരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്കൊടുവിലാണ് വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്ന് കണ്ടെത്തിയത്.

റബര്‍ ഷീറ്റ് ഉണക്കാന്‍ ഉപയോഗിക്കുന്ന കമ്പിയില്‍ രാത്രികാലങ്ങളില്‍ രാജേഷ് വൈദ്യുതി കടത്തിവിടുമായിരുന്നു. ഈ കമ്പിയില്‍ നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. സംഭവം നടന്ന ദിവസം വനം വകുപ്പ് അധികൃതരുടെ കണ്ണില്‍പ്പെടാതെ രാജേഷ് കമ്പിയും മറ്റ് ഉപകരണങ്ങളും പ്രദേശത്ത് നിന്ന് മാറ്റുകയായിരുന്നു.

ചരിഞ്ഞ ആനയെ വിടാതെ നിന്ന കുട്ടിയാനയുടെ ചിത്രം നൊമ്പരക്കാഴ്ച ആയിരുന്നു. ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. പിന്നീട് ആനക്കുട്ടിയെ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

അതേസമയം അറസ്റ്റിലായതിന് പിന്നാലെ പ്രതി രാജേഷിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹൃദ്രോഗ ബാധിതനാണ് രാജേഷ്.

Exit mobile version