സോളാർ കേസ് സിബിഐയ്ക്ക് വിട്ടു; സർക്കാർ തീരുമാനം പരാതിക്കാരിയുടെ കത്ത് പരിഗണിച്ച്

Solar Case

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ നാണക്കേടിന്റെ പടുകുഴിയിൽ ചാടിച്ച സോളാർ പീഡന കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. സോളാർ ലൈംഗിക പീഡന കേസിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നേതാക്കളായ കെസി വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.

കേസിലെ പരാതിക്കാരിയായ തിരുവനന്തപുരം സ്വദേശിനി അടുത്തിടെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. വിഷയത്തിൽ സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.

2018 ഒക്ടോബറിലാണ് യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. പിന്നാലെ, ഹൈബി ഈഡൻ എപി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി.

മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. നിലവിൽ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനസേുകൾ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

Exit mobile version