ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല, കെവി തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം;എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരോട് ആലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ. ഗ്രൂപ്പടിസ്ഥാനത്തില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്നും, വിജയസാധ്യത നോക്കിയേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കൂവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണം തള്ളുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍..

മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിയോജിപ്പില്ല. മത്സരിക്കുമെന്ന് തീരുമാനിച്ചാല്‍ പാര്‍ട്ടി പുതിയ അധ്യക്ഷനെ കുറിച്ചാലോചിക്കുമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.കെ.വി. തോമസ് പാര്‍ട്ടി വിടുമെന്നത് അഭ്യൂഹം മാത്രമാണ്. പാര്‍ട്ടിയിലെ ഏറ്റവും വിശ്വസ്തനായ പോരാളിയാണ് അദ്ദേഹം. അദ്ദേഹത്തിനെങ്ങനെയാണ് പാര്‍ട്ടി വിടാനാവുകയെന്നും താരിഖ് അന്‍വര്‍ ചോദിച്ചു

നിലവില്‍ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കോഴിക്കോട് നിന്നോ വയനാട് നിന്നോ ആകും മുല്ലപ്പള്ളി മത്സരിക്കുക. മത്സരിക്കാനുള്ള താത്പര്യം മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും മത്സരിക്കുക. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാന്‍ ആയി ഉമ്മന്‍ചാണ്ടിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളിലും വിജയിക്കുമെന്നാണ് കെപിസിസിയുടെ വലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്നതിനായി ചിലരെ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.

Exit mobile version