‘എതിർപ്പുണ്ടെങ്കിൽ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്‌ക്കോളാം’; ഡോക്ടറുടെ വാശി ഒന്നര വയസിൽ രണ്ടുകാലും തളർത്തിയവൾക്ക് കൂട്ടായി സനൽ; വിധി കൈവിടാത്ത കഥ പറഞ്ഞ് യുവതി

ആലപ്പുഴ: വിവാഹം സ്വപ്‌നത്തിൽ പോലുമില്ലാത്തവളെ ജീവിതത്തിലേക്ക് ക്ഷണിച്ച് സനൽ. ‘ഈ ലോകത്ത് ഞാൻ ഒരാളുടെ കഴുത്തിൽ താലികെട്ടുന്നെങ്കിൽ അത് നീയായിരിക്കും. എതിർക്കുന്നവർ എതിർക്കട്ടെ. എനിക്കറിയേണ്ടത് നിന്റെ മനസാണ്. പോരുന്നോ എന്റെ പെണ്ണായി.’ 31 വർഷം ജീവിതത്തിൽ ഒരു സ്വപ്‌നവുമില്ലാതെ കഴിഞ്ഞ അനിതയെ സനൽ ജീവിതത്തിലേക്ക് ക്ഷണിച്ചതിങ്ങനെ. അരയ്ക്കു കീഴ്‌പ്പോട്ട് തളർന്ന ഇതുവരേയും സ്വന്തം കാലിൽ മണ്ണിൽ ചവിട്ടി ഓടി നടക്കാനാകാത്ത അനിതയ്ക്ക് ഒടുവിൽ എല്ലാ പ്രതിസന്ധികൾക്ക് ശേഷം ജീവിതം കൈയ്യിൽവെച്ച് നീട്ടിയത് സൗഭാഗ്യം തന്നെയാണ്. ‘ചലനമറ്റ എന്റെ കാലുകൾക്ക് ഇനി എന്നും ഓടുന്ന കാലുകളുടെ കൂട്ട്’ എന്ന തലക്കെട്ടോടെ അനിത തന്നെയാണ് സോഷ്യൽമീഡിയയിൽ വിവാഹിതയാകുന്നെന്ന വാർത്ത പങ്കുവെച്ചത്.

കൂലിപ്പണിക്കാരനായ ഗോപിയുടേയും കമലയുടേയും മകളായ അനിത പോളിയോ വാക്‌സിൻ എടുത്തതിന് പിന്നാലെയാണ് അരയ്ക്കു കീഴ്പ്പോട്ട് ചലമനറ്റത്. ഒന്നര വയസിൽ ശരീരം തളർന്നുപോയ അനിതയ്ക്ക് സർക്കാർ ജോലിയെന്ന ഒരൊറ്റ മോഹമാണ് ഉണ്ടായിരുന്നത്. വിവാഹം, പ്രണയം തുടങ്ങിയ സ്വപ്നങ്ങളൊന്നും ഇതിനിടയ്ക്ക് മനസിൽ പോലുമുണ്ടായിരുന്നില്ല. പക്ഷേ ദൈവം തന്നെ കൈവിട്ടില്ലെന്ന് അനിത പറയുന്നു. ദൈവം ഏറ്റവും വലിയൊരു സമ്മാനത്തെ തനിക്ക് തന്നു, അതാണെന്റെ സനലേട്ടൻ.-അനിത പറയുന്നു.

‘വിവാഹത്തെ കുറിച്ച് ആലോചിക്കാത്ത തനിക്ക് ഒടുവിൽ വിധി പോലെ സ്വന്തം നാടായ ആലപ്പുഴയിൽ നിന്നും സനലേട്ടന്റെ ആലോചന വന്നു. ആരോഗ്യദൃഢഗാത്രനായ മനുഷ്യൻ പോരാത്തതിന് ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവും ജോലിയുമൊക്കെയുള്ള വ്യക്തി. പുള്ളിക്കാരൻ എന്റെ മുന്നിൽ വന്ന് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുമ്പോൾ ഞാൻ അമ്പരക്കുകയായിരുന്നു. പറ്റാവുന്ന വാക്കുകൾ കൊണ്ടെല്ലാം പറഞ്ഞ് പിന്തിരിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ എല്ലാം അറിഞ്ഞിട്ടും എന്നെക്കുറിച്ച് അന്വേഷിച്ചിട്ടുമായിരുന്നു വന്നത്. ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം ഉറച്ചു തന്നെയായിരുന്നു. പലരും എതിർത്തപ്പോഴും അദ്ദേഹം പറഞ്ഞത് ഇത്രമാത്രം. ‘അനിതാ.. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ… എതിർപ്പുണ്ടെങ്കിൽ മാത്രം പറയൂ ഞാൻ ഒഴിഞ്ഞു പൊയ്‌ക്കോളാം. പക്ഷേ വിവാഹം കഴിക്കുന്നെങ്കിൽ അത് നിന്നെ മാത്രമായിരിക്കും.’ ആ വാക്കുകൾ മാത്രം മതിയായിരുന്നു. ആ മനുഷ്യന്റെ സ്‌നേഹത്തേയും ആത്മാർത്ഥതയേയും എനിക്ക് നിരാകരിക്കാൻ പറ്റിയില്ല. ഞങ്ങൾ ഹൃദയം കൊണ്ട് ഒരുമിക്കുന്നത് അങ്ങനെയാണ്. എല്ലാവരുടേയും അനുഗ്രഹത്തോടെ ഈ വരുന്ന 25ന് ഞങ്ങളുടെ സ്വദേശമായ തുറവൂരിനടുത്തുള്ള അമ്പലത്തിൽ വച്ച് ഞങ്ങൾ വിവാഹിതരാകും. എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണം.’അനിത പറയുന്നു.

ജനിച്ചപ്പോൾ ശാരീരിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ആറര മാസം ഉള്ളപ്പോൾ എടുത്ത ഒരു പോളിയോ വാക്‌സീൻ ആണ് അനിതയുടെ വിധി മാറ്റിയെഴുതിയത്. വാക്‌സീനിന്റെ ഡോസിൽ വന്ന പ്രശ്‌നമാണോ അതോ ഗുണനിലവാരമില്ലായ്മയാണോ എന്നൊന്നും അറിയില്ല. ആ ഒരൊറ്റ തുള്ളിമരുന്നിൽ അവളുടെ ഒരു കാലിന്റെ ചലനമറ്റു. അനിതയ്ക്ക് മാത്രമല്ല, അന്ന് വാക്‌സിൻ സ്വീകരിച്ച നിരവധി കുട്ടികൾക്ക് അന്ന് അത്തരം പ്രശ്‌നമുണ്ടായത്രേ. കൂലിപ്പണിക്കാരനായ അച്ഛനേയും അമ്മയേയും അന്നൊക്കെ അധികൃതർ പലതും പറഞ്ഞു പറ്റിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കുറേനാൾ ചികിത്സ തേടിയിരുന്നു. വയ്യായ്കയുള്ള കുട്ടിക്ക് മരുന്നും ഇഞ്ചക്ഷൻ മെഡിസിനും ട്രിപ്പിലൂടെയാണ് ശരീരത്തിൽ പ്രവേശിച്ചിരുന്നത്. നേരിട്ട് കുത്തിവച്ചാൽ കാര്യങ്ങൾ പിന്നെയും വഷളാകും. പക്ഷേ ഏതോ പുതിയൊരു ഡോക്ടർ വന്നു. അയാൾ എന്റെ ചലനമുള്ള കാലിൽ ഇഞ്ചക്ഷൻ നൽകാൻ ഒരുങ്ങി. വീട്ടുകാർ എതിർത്തെങ്കിലും ഡോക്ടർമാരേ പഠിപ്പിക്കാൻ വരേണ്ട എന്നായിരുന്നു അയാളുടെ നിലപാട്. വാശിപ്പുറത്ത് അയാൾ എന്റെ കാലിൽ ഇഞ്ചക്ഷൻ ചെയ്തു. പിന്നെ അവിടെ നടന്നത് പേടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. അനിതയുടെ ശരീരം തളർന്നു, ചലനമുള്ള ഒരുകാലിലൂടെ രക്തം ചീറ്റി, ശ്വാസക്കുഴൽ ചുരുങ്ങി. ഡോക്ടർമാരും ആശുപത്രി അധികൃതരും ഓടിക്കൂടി. വീട്ടുകാരുമായി വലിയ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ എന്തു ചെയ്യാൻ അപ്പോഴും ഡോക്ടർമാർ കയ്യൊഴിഞ്ഞു. അവിടുന്നങ്ങോട്ട് ഒന്നര വയസുവരെ ആശുപത്രിയിലായിരുന്നു. ഭക്ഷണവും മരുന്നും എല്ലാം മൂക്കിൽ കടുപ്പിച്ച ട്യൂബിലൂടെ. ഒടുവിൽ ആശുപത്രി വിട്ടിറങ്ങിയപ്പോൾ ഒരു കാര്യം കൂടി ഉറപ്പായി. ഒരു കാൽ തളർന്നു പോയ അനിതയുടെ രണ്ടു കാലിന്റെ ചലനവും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു. ആരോട് പരാതി പറയണം എന്നു പോലും അറിയാത്ത മാതാപിതാക്കൾ എല്ലാം വിധിയായി കണക്കാക്കി കണ്ണീരിൽ കഴിഞ്ഞു.

ഇടയ്ക്ക് ഫിസിയോ തെറപ്പിയും തുടർ ചികിത്സയുമൊക്കെ പരീക്ഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. ചികിത്സയ്ക്കിടയിൽ എന്റെ മറ്റേതെങ്കിലും അവയവങ്ങളുടെ ശേഷി കുറഞ്ഞു വരികയാണെങ്കിൽ അതിനെ ബാലൻസ് ചെയ്ത് കാലിന് ചലനം ലഭിക്കുമെന്നായിരുന്നു ഡോക്ടറുടെ പ്രവചനം. പക്ഷേ വിധി അവിടെയും കൈവിട്ടു. അവൾ എന്നന്നേക്കുമായി വികലാംഗയായി. അമ്മയുടെ തണലിൽ നിന്നായിരുന്നു ജീവിതം കരുപ്പിടിപ്പിച്ചത്. പ്ലസ്ടു പാസായി, ടൈപ്പിംഗ് പോലുള്ള പഠനങ്ങളൊക്കെയായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. അതിനിടയിൽ വിവാഹ സ്വപ്‌നം അനിതയുടെ ചിന്തകളിൽ പോലും വന്നിരുന്നില്ല. പക്ഷേ വിധി കൈവിട്ടില്ല. തങ്ങളുടെ കാലം കഴിഞ്ഞാൽ മകൾക്ക് ആരുണ്ടാകുമെന്ന ചിന്തയിലാണ് ഒടുവിൽ മാട്രിമോണിയലിൽ മാതാപിതാക്കൾ വിവാഹപരസ്യം നൽകിയത്. ഈ വിവാഹാലോചന കണ്ടാണ് സനൽ തേടിയെത്തിയത്.

അനിതയുടെ വയ്യായ്കയെ കുറിച്ച് വിശദമായി തന്നെ പറഞ്ഞിരുന്നു. വരുന്ന ആലോചനകളിലും വൈകല്യമുള്ളൊരാളെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അത്തരം നിരവധി ആലോചനകൾ വന്നതുമാണ്. വന്നതെല്ലാം എന്നെപ്പോലെ ശാരീരികമായി ബുദ്ധിമുട്ടുന്നവരുടെ ആലോചനകൾ. പക്ഷേ അച്ഛനും അമ്മയ്ക്കും അത്രയും ദൂരം വന്ന് അന്വേഷിക്കുന്നതിലെ ബുദ്ധിമുട്ട് മാത്രംകരുതി ആ ആലോചനകളെ വേണ്ടെന്നു വച്ചു.

Exit mobile version