ആലുവ കൂട്ടക്കൊല: കൊലക്കയറില്‍ നിന്നും ആന്റണിയെ രക്ഷിച്ചത് ദാരിദ്രം; രാഷ്ട്രപതിയും തള്ളിയ കേസിലെ വിധി നിര്‍ണയം അപൂര്‍വ്വതകള്‍ നിറഞ്ഞത്

കൊച്ചി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയ്ക്ക് കൊലക്കയറില്‍ നിന്നും രക്ഷയായത് ദരിദ്ര പശ്ചാത്തലം. ‘സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ശിക്ഷ വിധിക്കുമ്പോള്‍ അത് പരിഗണിക്കുക തന്നെ വേണം’…. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആലുവ കൂട്ടക്കൊലക്കേസ് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവാക്കി ഇളവുചെയ്ത വിധിയില്‍ കുറിച്ചു.

ആന്റണിയുടെ ദാരിദ്ര്യപശ്ചാത്തലം കൂട്ടക്കൊലപാതകത്തിന് കാരണമാണെന്നത് കാണാതിരിക്കാനാകില്ല. വിദേശത്ത് ജോലിക്ക് പോകാനും കടം വീട്ടാനുമാണ് ആന്റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോള്‍ ഇക്കാര്യം പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്.

രാഷ്ട്രപതി ദയാഹര്‍ജി തളളിയ കേസിലാണ് സുപ്രീംകോടതി ശിക്ഷായിളവ് നല്‍കിയെന്നത് അപൂര്‍വതയാണ്. 2001ലെ കേസില്‍ കോടതി നടപടികള്‍ക്ക് അന്തിമതീര്‍പ്പുണ്ടാകാന്‍ പതിനേഴ് വര്‍ഷം വരെ നീണ്ടു. ക്രിമിനല്‍ നീതിനിര്‍വഹണത്തില്‍ കാലോചിതമായ പരിഷ്‌കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുരൂഹത നിറഞ്ഞ കേസില്‍ ആന്റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം എത്തിയതും ശ്രദ്ധേയമായി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എംജെ മത്തായി, എംവി വര്‍ഗീസ്, എംവി റാഫേല്‍ എന്നിവരാണ് ആന്റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജയില്‍ അന്തേവാസികള്‍, ക്രിസ്ത്യന്‍ പുരോഹിതര്‍, നാട്ടുകാര്‍ എന്നിവരും ആന്റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്റണി ജീവിതത്തിലേക്കുളള തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുളള സാധ്യത കോടതിയും കണക്കിലെടുത്തു.

നേരത്തേ സുപ്രീംകോടതി ആന്റണിയുടെ അപ്പീലും പുന:പരിശോധനാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തളളിയിരുന്നു. രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നിരസിക്കപ്പെട്ടു. 2015 ഏപ്രിലില്‍ ആന്റണിയെ കഴുമരത്തിലേറ്റാന്‍ നടപടി തുടങ്ങി. ഈസമയത്ത് ജയകുമാര്‍ ആര്‍ നായര്‍ എന്ന വ്യക്തി ആന്റണിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് റിട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. 2010ല്‍ പുന:പരിശോധനാ ഹര്‍ജി ചേംബറില്‍ മാത്രം പരിശോധിച്ചാണ് തളളിയത്.

വധശിക്ഷ വിധിച്ച കേസുകളില്‍ പുന:പരിശോധനാഹര്‍ജി തുറന്നകോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന 2014ലെ മുഹമ്മദ് ആരിഫ് കേസിലെ വിധി പരിഗണിക്കണമെന്ന് പൊതുതാല്‍പര്യഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ആലുവ കൂട്ടക്കൊലക്കേസ് വീണ്ടും സജീവമായത്. ആന്റണിയുടെ അഭിഭാഷകന്‍ മനോജ് ജോര്‍ജിന്റെ വാദം വിശദമായി തന്നെ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് തുറന്നകോടതിയില്‍ കേട്ടു. വധശിക്ഷ ഇളവുചെയ്യുകയും ചെയ്തു.
ള്‍.

നേരിട്ട് തെളിവില്ലാത്ത കേസില്‍, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോള്‍ ആന്റണി സ്വന്തം വീട്ടില്‍ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു. പുലര്‍ച്ചെ മാഞ്ഞൂരാന്‍ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിര്‍ണായകമായി. വീട്ടില്‍ നിന്നെടുത്ത സ്വര്‍ണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനടിക്കറ്റെടുത്തതും തെളിവായി.

2001 ജനുവരി ആറിന് രാത്രി പത്തിന് തുടങ്ങിയ കൊലപാതകപരമ്പര മൂന്നുമണിക്കൂര്‍ എടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ആലുവയിലെ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ ബേബി, മക്കളായ ജയ്മോന്‍, ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള ആന്റണിയുടെ ബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ആന്റണിയെ തന്ത്രപൂര്‍വം വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ ആന്റണി.

Exit mobile version