ഒരു മാസം കൂടി കാത്തിരിക്കും, തെരഞ്ഞെടുപ്പാണ് വരുന്നത്; പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു മാസം കൂടി കാത്തുനില്‍ക്കും എന്നിട്ടും വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിന് മുമ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ പക്ഷം.

ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി ഇനിയും കുറേക്കാലം പ്രധാനമന്ത്രിയെ കാത്തുനില്‍ക്കാന്‍ കഴിയില്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് താല്‍പര്യമുണ്ടെന്നറിയിച്ചിരുന്നു. എന്നാല്‍ രണ്ട് മാസമായിട്ടും ഒരും പ്രതികരണവുമില്ലെന്ന് മന്ത്രി പറയുന്നു.

‘നവംബര്‍ 20 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നറിയിച്ച് കത്ത് ലഭിക്കുന്നത്. ഇതില്‍ സന്തോഷമുണ്ടെന്ന് മറുപടി നല്‍കി. പിന്നീട് ഇത് സംബന്ധിച്ച് ഒരുവിവരവുമില്ല. എത്രയും വേഗം ഉദ്ഘാടന തിയ്യതി അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം നിതിന്‍ ഗഡ്ക്കരിക്ക് കത്ത് കത്തെഴുതിയിട്ടുണ്ട്. ഒരുമാസം കൂടി കാക്കും.’ ജി സുധാകരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഏപ്രില്‍ മാസം അവസാനം തെരഞ്ഞെടുപ്പാണെങ്കില്‍ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ഫെബ്രുവരിയില്‍ എങ്കിലും ഉദ്ഘാടനം നടത്തേണ്ടി വരുമെന്നും അതില്‍ കൂടുതല്‍ കാത്തിരിക്കാനാവില്ലെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

ഉദ്ഘാടനത്തിന് മുമ്പ് വൈറ്റിലപാലം ഒരു സംഘം ഗതാഗതത്തിനായി തുറന്ന് കൊടുത്ത നടപടിക്കെതിരെ ആലപ്പുഴ ബൈപ്പാസിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അന്ന് സുധാകരന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉദ്ഘാടനത്തിന് വേണ്ടി കാത്ത് ആലപ്പുഴയില്‍ ഒരു റോഡുണ്ടെന്നും വൈറ്റില മേല്‍പ്പാലം തുറക്കാന്‍ ആവേശം കാണിച്ചവര്‍ എന്താണ് അതിനെക്കുറിച്ച് സംസാരിക്കാത്തതെന്നും മന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത്. പണി കഴിഞ്ഞിട്ട് ഒരു മാസമായി. അവരൊക്കെ എന്താ അതിന് പറ്റി മിണ്ടാത്തത്. മിണ്ടിയാല്‍ വിവരം അറിയും. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ട് അറിയിച്ചതാണ്.

നിതിന്‍ ഗഡ്കരിയുടെ ഓഫീസ് മുഖാന്തരം പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. ഇതുവരെ പ്രധാനമന്ത്രി ഒരു തീയതി നല്‍കിയിട്ടില്ല.’ എന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം.

Exit mobile version