ചട്ടം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് പരസ്യ ചിത്രീകരണം, പ്രതിഷേധവുമായി ബിജെപി

തൃശ്ശൂര്‍ : ചട്ടം ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. സാനിറ്റൈസര്‍ കമ്പനിയുടെ പരസ്യ ചിത്രീകരണമാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസര്‍ കമ്പനിയുടെ മുദ്ര പതിപ്പിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഒരു വര്‍ഷത്തേയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര പരിസരം മുഴുവന്‍ സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനിയുടെ പരസ്യം.

ഭക്തര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നത് സ്വകാര്യ കമ്പനിയാണെന്ന് പരസ്യത്തിലുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാന്‍ നടവഴിയില്‍ വരച്ച വൃത്തത്തിനുള്ളില്‍ വരെ കമ്പനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങള്‍ പോലും ഇതറിഞ്ഞില്ലെന്നാണ് ആക്ഷേപം.

ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. സംഭവത്തില്‍ വന്‍ പ്രതിഷേധമറിയിച്ച് ബിജെപി രംഗത്തെത്തി. ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന്റെ ഏകാധിപത്യമാണ് ഗുരുവായൂരില്‍ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പനിയ്ക്ക് അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പ്രതികരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും, പരസ്യം പ്രസിദ്ധീകരിച്ചത് പിന്‍വലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സുകളും നീക്കം ചെയ്തിട്ടുണ്ട്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം.

Exit mobile version