കേരള ഹൈക്കോടതിയുടെ ഉയർന്ന പെൻഷൻ പിഎഫ് വിധി; ഏകപക്ഷീയമായി റദ്ദാക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ ഇപിഎഫ് അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനു വഴിവെച്ച വിധി മറ്റുകക്ഷികളെ കേൾക്കാതെ തന്നെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഏകപക്ഷീയമായി തീരുമാനമുണ്ടാകണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

കേസ് നടന്ന് 21 മാസത്തിനുശേഷമാണ് ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തൊഴിൽമന്ത്രാലയം പുതിയ അപേക്ഷ നൽകിയത്. അധികരേഖകൾ സമർപ്പിക്കാൻ അനുമതി തേടിയിട്ടുമുണ്ട്. 2018 ഒക്ടോബർ 12നാണ് ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി കേരള ഹൈക്കോടതിയിൽനിന്നുണ്ടായത്.

വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് തൊഴിൽമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സമീർ കുമാർ ദാസാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരേ തൊഴിൽമന്ത്രാലയത്തിന്റെ അപ്പീലും ഹൈക്കോടതിവിധി ശരിവെച്ച സുപ്രീംകോടതിവിധിക്കെതിരേ ഇപിഎഫ്ഒയുടെ പുനഃപരിശോധനാ ഹർജിയുമാണ് കോടതിക്ക് മുന്നിലുള്ളത്.

ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തിങ്കളാഴ്ച പരിഗണിക്കുക. ഹൈക്കോടതികളും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചിട്ടും അപ്പീലും പുനഃപരിശോധനാ ഹർജിയും നിലനിൽക്കുന്നുവെന്നുകാട്ടി ഇപിഎഫ്ഒ തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ ഇപ്പോൾ നിഷേധിക്കുകയാണ്.

കേരള ഹൈക്കോടതി വിധി പ്രകാരം, ഇപിഎസിലേക്കുള്ള (എംപ്ലോയീസ് പെൻഷൻ സ്‌കീം) തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധിയുണ്ടായിരുന്നത് എടുത്തുകളഞ്ഞു. ഇതോടെ മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു വിധി. സുപ്രീംകോടതി 2019 ഏപ്രിൽ ഒന്നിന് ഈ വിധി ശരിവെച്ചു. ഇതിനെതിരെ ഇപിഎഫ്ഒ നൽകിയ പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതിയിലുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രത്തിന്റെ പുതിയ അപേക്ഷയിൽ പറയുന്നു. ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാൽ ഇപിഎസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇപിഎഫ്ഒയ്ക്ക് നൽകേണ്ടിവന്നു.

വിധികാരണം 50 മടങ്ങ് വരെയാണ് പെൻഷൻ വർധിച്ചത്. അസാധാരണമായി വർധിക്കുന്ന ഈ തുക ഒരാളുടെ സൂപ്പർആന്വേഷന്റെ കാലയളവിൽ തിരിച്ചുപിടിക്കുക സാധ്യമല്ല. തൊഴിൽമന്ത്രാലയത്തിന്റെ അപ്പീൽ സുപ്രീംകോടതി ശരിവെച്ചാൽ, വർധിച്ച പെൻഷൻ തിരിച്ചുപിടിക്കൽ സാധ്യമാവില്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.

Exit mobile version