പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ; ഒരു വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ്; പോക്‌സോ കേസിൽ 24കാരി അറസ്റ്റിൽ

abhirami

തൃശ്ശൂർ: തൃശ്ശൂരിൽ ഒരു വർഷം മുമ്പ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ്. 24കാരിയായ യുവതിയെ പോക്‌സോ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി(24)യെയാണ് ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവർഷം ജനുവരിയിൽ തൂങ്ങിമരിച്ച പെൺകുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചെന്നാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. മരിച്ച പെൺകുട്ടിക്ക് ആൺസുഹൃത്തുമായുണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് അഭിരാമി പലതവണ താക്കീത് നൽകിയിരുന്നു. ഒടുവിൽ മാനസികസമ്മർദം ഏറിയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് യുവതിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുള്ളത്.

അഭിരാമിയും മരിച്ച പെൺകുട്ടിയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ യുവതിയുടെ ഫോണിൽനിന്ന് ലഭിച്ചതായും പോലീസ് അറിയിച്ചു.

തൃശ്ശൂർ ടൗൺ ഈസ്റ്റ് എസ്എച്ച്ഒ ലാൽ കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ കെ അനുദാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയലക്ഷ്മി, ദുർഗ എന്നിവരാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Exit mobile version