ഡ്രൈവിങ് ടെസ്റ്റ് പാസായ സന്തോഷത്തിൽ ബസിൽ മടങ്ങേണ്ടിയിരുന്ന സനോജ് അവസാന നിമിഷം യാത്ര പരിചയക്കാരന്റെ ബൈക്കിലാക്കി; പാതി വഴിയിൽ യുവാവിനെ തട്ടിയെടുത്ത് മരണം; കണ്ണീരുതോരാതെ ഒരു നാട്

Sinoj | Kerala News

തൃശൂർ: ഡ്രാവിങ് പഠനം പൂർത്തിയാക്കി ടെസ്റ്റും വിജയിച്ച് വീട്ടിലേക്ക് സന്തോഷത്തോടെ തിരിച്ച യുവാവിനെ റോഡപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തു. വടക്കാഞ്ചേരി പാർളിക്കാട് വ്യാസ കോളജ് സ്റ്റോപ്പിൽ നടന്ന അപകടത്തിലാണ് ചെമ്മനാംകുന്നേൽ വീട്ടിൽ ശശികുമാറിന്റെ മകൻ സനോജ് എന്ന 22കാരന്റൈ ജീവൻ നഷ്ടപ്പെട്ടത്.

ചേലക്കര കാളിയാ റോഡ് നിവാസികൾക്ക് പ്രിയപ്പെട്ടവനായിരുന്നു അയൽക്കാരനായ സനോജ്. സിഎ പഠനം പൂർത്തിയാക്കിയ സനോജ് ചേലക്കരയിലെ ഒരു സ്ഥാപനത്തിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് ഡ്രൈവിങ് പഠനത്തിനിറങ്ങിയത്. പഠനം പൂർത്തിയാക്കി തിങ്കളാഴ്ചയായിരുന്നു ടെസ്റ്റിൽ പങ്കെടുത്തത്.

ടെസ്റ്റിനായി അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിലാണ് സനോജ് എത്തിയത്. തിരിച്ച് ബസിൽ മടങ്ങാനായിരുന്നു തീരുമാനം. ടെസ്റ്റ് വിജയിച്ചതിന്റെ വലിയ ആഹ്ലാദത്തിൽ അപ്പോൾ തന്നെ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. മടങ്ങാൻ നിൽക്കുന്നതിനിടെ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണൻ (47)നെ പരിചയപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ബൈക്കിൽ കയറാൻ തീരുമാനിച്ചത്.

എന്നാൽ മിണാലൂർ ഗ്രൗണ്ടിൽ നിന്ന് ഒരു കിലോമീറ്ററോളം യാത്ര ചെയ്തപ്പോഴേക്കും സനോജിനെ ടോറസ് ലോറിയുടെ രൂപത്തിലെത്തിയ മരണം കവരുകയായിരുന്നു. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ഹാർബറിലേക്ക് അസംസ്‌കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ബൈക്കിലേക്ക് ഓടി കയറുകയായിരുന്നു. പുറകിൽ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചു. ഗോപാലകൃഷ്ണൻ റോഡിൽ വീണു ബൈക്ക് പൂർണ്ണമായും തകർന്നു.

നാട്ടുകാർ ചേർന്ന് ഇരുവരേയും മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദുബായിയിൽ ജോലി ചെയ്യുന്ന സനോജിന്റെ പിതാവ് നാട്ടിലെത്തും. കാളിയാ റോഡ് പള്ളി ജാറത്തിനടുത്താണ് സനോജിന്റെ വീട്. സനോജിന്റെ വിിയോഗത്തിൽ നെഞ്ചുപൊട്ടി കരയുന്ന മാതാവ് സ്വപ്നയേയും ഏകസഹോദരി നന്ദനയേയും ആശ്വസിപ്പിക്കാനാകാതെ കണ്ണീർ വാർക്കുകയാണ് കാളിയാ റോഡ് നിവാസികൾ.

Exit mobile version