വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്തു; വി ഫോർ കേരള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്; ജനകീയ ഉദ്ഘാടനമാണ് നടത്തിയത്, കോടതിയിൽ പോകുമെന്ന് സംഘടന

over bridge | Kerala News

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന വൈറ്റില മേൽപ്പാലം ഔദ്യോഗികമായ ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത് വി ഫോർ കേരള സംഘടന പ്രവർത്തകർ. പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തി ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം വി ഫോർ കേരള ഉണ്ടാക്കിയെന്നാണ് പോലീസ് നിഗമനം. വി ഫോർ കേരള കൊച്ചി കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരെയാണ് സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജനകീയ ഉദ്ഘാടനമെന്ന പേരിലാണ് വി ഫോർ പ്രവർത്തകർ കഴിഞ്ഞ ദിവസം മേൽപ്പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് വി ഫോർ കൊച്ചി പ്രവർത്തകർ അപ്രതീക്ഷിതമായി ബാരിക്കേഡുകൾ മാറ്റി വാഹനങ്ങളെ കടത്തി വിട്ടത്. നേരത്തെ, വി ഫോർ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പോലീസിനെ അറിയിച്ചിരുന്നു.

പ്രതിഷേധം മുന്നിൽകണ്ട് ആലുവ ഭാഗത്ത് പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. എന്നാൽ, വി ഫോർ കേരള പ്രവർത്തകർ അരൂർ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങൾ മേൽപാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. പക്ഷേ, കടത്തിവിട്ട വാഹനങ്ങൾ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോൾ അവിടെ ബാരിക്കേഡുകൾക്ക് മുന്നിൽ കുടുങ്ങുകയും ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനാകാതെ മുക്കാൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് രൂപപ്പെടുകയുമായിരുന്നു.

പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോർ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിച്ചപ്പോൾ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ഇപ്പോൾ, തങ്ങളുടെ സമരത്തിന്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോർ കൊച്ചിയുടെ നേതാക്കളുടെ അവകാശവാദം. പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങൾ പോലീസ് തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോർ കൊച്ചി നേതാക്കൾ അറിയിച്ചു.

Exit mobile version