കോഴിക്കോട് വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കൊളാവിപ്പാലം കൂടത്തായി അനില്‍കുമാര്‍ (50) ആണ് പിടിയിലായത്. നാളുകളായി പിരിഞ്ഞ് കഴിയുന്ന ഭാര്യ ഷീജയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാര്‍ (50) ആണ് പിടിയിലായത്. നാളുകളായി പിരിഞ്ഞ് കഴിയുന്ന ഭാര്യ ഷീജയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പെട്രോള്‍, മണ്ണണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടില്‍ അതിക്രമിച്ച് കയറിയെ ഇയാള്‍ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക് പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ തീകൊളുത്താന്‍ വൈകിയതിനാലും ബഹളം കേട്ട് ഷീജയും സഹോദരന്‍ ഷാജിയും ഓടിയെത്തിയതിനാലും ശ്രമം വിജയിച്ചില്ല.

പിടിവലിക്കിടയില്‍ ഷീജക്കും സഹോദരനും അമ്മയ്ക്കും പരിക്കേറ്റു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാര്‍ അനില്‍കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിനു കൈമാറി. പരിക്കേറ്റവര്‍ ആശുപ്രതിയില്‍ ചികിത്സ തേടി. ഷീജയും അനില്‍കുമാറും വര്‍ഷങ്ങളായി വേറിട്ടുകഴിയുകയാണ്.

ഇവര്‍ ബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കൊലപാതക ശ്രമം. ഇരുവര്‍ക്കും ഒരു മകളുണ്ട്. പോലീസ് കസ്റ്റഡിയില്‍ വച്ചും അനില്‍കുമാര്‍ ഷീജയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി.

Exit mobile version