‘ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്’; എന്നാല്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട, നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്: നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

neyyattinkara, bobby chemmanur | bignewslive

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വസന്തയില്‍ നിന്നും വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടയെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുട്ടികള്‍. ബോബി ചെമ്മണ്ണൂര്‍ കാണിച്ച മനസിന് നന്ദിയുണ്ട്. എന്നാല്‍ നിയമ പരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിത്. അദ്ദേഹത്തെ വസന്ത തെറ്റിദ്ധരിപ്പിച്ചതാണ്. വസന്തയുടെ കൈയ്യില്‍ അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. അവരുടെ പേരിലല്ല ഭൂമിയെന്നും രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ പറഞ്ഞു.

സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടതെന്നും ഭൂമി വിറ്റത് നിയമപരമായി തെറ്റാണെന്നും രാജന്റെ മകന്‍ പ്രതികരിച്ചു. വ്യവസായി ബോബി ചെമ്മണ്ണൂര്‍ വസന്തയില്‍ നിന്നും പണം നല്‍കി ഭൂമി വാങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രാജന്റെയും അമ്പിളിയുടെയും മക്കള്‍.

തര്‍ക്കഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്. നെയ്യാറ്റിന്‍ കരയില്‍ മരിച്ച ദമ്പതികളുടെ കുട്ടികള്‍ക്ക് കൊടുക്കാനായിരുന്നു ബോബി ചെമ്മണ്ണൂര്‍ ഭൂമി വാങ്ങിയത്. വൈകിട്ട് ഭൂമി ഇവര്‍ക്ക് കൈമാറുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു.

‘തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാന്‍ തൃശൂര്‍ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂര്‍ത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.’ എന്നായിരുന്നു ഭൂമി വാങ്ങിയ കാര്യം അറിയിച്ച് ബോബി ചെമ്മണൂര്‍ പറഞ്ഞത്.

Exit mobile version