ചിത്രശലഭത്തെ പോലെ പറന്നുയരും ഇനി ഇവര്‍..! ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതവും സ്വപ്നങ്ങളും കോര്‍ത്തിണക്കി ഫാഷന്‍ ഷോ

കൊച്ചി: ഫ്‌ളൂയിഡ്‌ഫോംസ് എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവിതവും സ്വപ്നങ്ങളും പറയുന്ന ഫാഷന്‍ ഷോ കൊച്ചിയില്‍ നടന്നു. സാധാരണ നടക്കുന്ന ഫാഷന്‍ ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരുന്നു അവതരണം.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ജീവതത്തെ ചിത്രശലഭങ്ങളുടെ ജീവിതചക്രവുമായി ചേര്‍ത്ത് വായിക്കുകയായിരുന്നു ഫ്‌ളൂയിഡ്‌ഫോംസ്. ചിത്രശലഭത്തിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളെ തങ്ങളുടെ ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു മോഡലുകള്‍ റാംപിലെത്തിയത്. മട്ടാഞ്ചേരി ഗാലറി ഒഇഡിയില്‍ ഒരുക്കിയ അവതരണ വേദി തികച്ചും വ്യത്യസ്തമായിരുന്നു. ഭിന്നലിംഗം എന്ന ആശയത്തില്‍ ഊന്നി തയറാക്കിയ ഷേഡുകള്‍ക്ക് ഇടയിലൂടെയാണ് ഓരോരുത്തരും ക്യാറ്റ് വോക് ചെയ്തത്.

എന്നാല്‍ ഈ ഷോയുടെ പ്രത്യേകത റാംപിലെത്തിയ 11 മോഡലുകളില്‍ ഏഴുപേരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയിരുന്നുവെന്നതാണ്. അഞ്ചു കലാകാരന്മാരുടെ കൂട്ടായ്മയായ ഹാഷ്ടാഗ് കളക്ടീവാണ് വ്യത്യസ്തമായ ആശയത്തില്‍ ഈ ഫാഷന്‍ ഷോ ഒരുക്കിയത്. പട്ടുനൂല്‍ പുഴുക്കളെ കൊല്ലാതെ തയാറാക്കുന്ന അഹിംസാ സില്‍ക്ക് ഉപയോഗിച്ചു തയാറാക്കിയ ഡിസൈനുകളാണ് ഷോയുടെ ആകര്‍ഷണം. നീഷ അമരീഷ് ആണ് വസ്ത്രാലങ്കാരം ഒരുക്കിയത്. ദ്വയ, സഹോദരന്‍ എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ജെന്‍ഡര്‍ ഫ്‌ളൂയിഡ് വേദിയിലെത്തിയത്.

Exit mobile version