കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മാധ്യമങ്ങളിൽ താരമായി ആര്യ; ഒപ്പം നേട്ടം ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും; 21കാരി മേയർക്ക് അഭിനന്ദന പ്രവാഹം

ARYA RAJENDRAN s | Kerala News

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രൻ എസ് എന്ന വിദ്യാർത്ഥിനിയെ എൽഡിഎഫ് തെരഞ്ഞെടുത്തത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്രീയ ലോകത്ത് തന്നെ വലിയതോതിൽ മാറ്റമുണ്ടാക്കുന്ന കീഴ്‌വഴക്കത്തെ രാഷ്ട്രീയഭേദമന്യെ അഭിനന്ദിക്കുകയാണ് സകലരും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്കാണ് ആര്യ രാജേന്ദ്രൻ ഉയരാൻ പോകുന്നത്.

ആര്യ രാജേന്ദ്രന്റെ നേട്ടത്തെ അഭിനന്ദിക്കുന്നതിനൊപ്പം ഇടതുമുന്നണിക്കും സിപിഎമ്മിനും കൈയ്യടി നൽകുകയാണ് ഓരോരുത്തരും. മാധ്യമങ്ങളിലെല്ലാം താരമാണിപ്പോൾ ആര്യ. മലയാള മാധ്യമങ്ങൾക്ക് പുറമെ ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിലും പ്രാദേശിക ഭാഷകളിലെ പത്രങ്ങളിലും ആര്യയുടെ നേട്ടം വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമങ്ങളും ആര്യയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ഖലീജ് ടൈംസിൽ വന്ന വാർത്തയോടെ ഗൾഫ് രാജ്യങ്ങളിലും കൊച്ചുകേരളത്തിലെ ഈ വാർത്ത ചർച്ചയാവുകയാണ്. ഗൾഫ് ന്യൂസിലും ബ്ലൂംബെർഗ് പോലുള്ള പത്രങ്ങളിലും ആര്യയുടെ സാന്നിധ്യം കാണാം.

21കാരിയായ ആര്യ ഓൾ സെയ്ന്റ്‌സ് കോളേജിൽ ബിഎസ്‌സി ഗണിതശാസ്ത്ര വിദ്യാർത്ഥിനിയാണ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. എസ്എഫ്‌ഐയിലും ബാലസംഘത്തിലും ആര്യ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഈ നേതൃഗുണമാണ് മേയർ പദവി ആര്യയിൽ വിശ്വസിച്ച് ഏൽപ്പിക്കാൻ പാർട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതും. മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ഇരുപത്തിയൊന്നുകാരി ആര്യ വിജയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ആര്യ വിജയിച്ചുകയറിയതോടെ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. നേരത്തെ, ആര്യയ്ക്ക് പുറമെ പേരൂർക്കടയിൽനിന്നു ജയിച്ച ജമീല ശ്രീധരൻ, വഞ്ചിയൂരിൽനിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

എന്നാൽ ചരിത്രം തിരുത്തുന്ന ഒരു തീരുമാനം തന്നെ ഇടതുപക്ഷം കൈക്കൊള്ളുകയായിരുന്നു. ഈ തീരുമാനത്തിലൂടെ ഇടതുപക്ഷം വീണ്ടും കൈയ്യടി നേടുകയാണ്. തിരുവനന്തപുരത്തിന് പുറമെ നിരവധി പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും പദവികളിലേക്ക് എൽഡിഎഫ് യുവാക്കൾക്ക് തന്നെയാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.

Exit mobile version