കുട്ടിയുടെ അവകാശത്തെച്ചൊല്ലി തര്‍ക്കം, സഹോദരി ഭര്‍ത്താവിന്റെ കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ച് യുവാവ്, കാര്‍ ചീറിപ്പാഞ്ഞത് കിലോമീറ്ററുകളോളം, സിനിമാസ്‌റ്റൈല്‍ രംഗങ്ങള്‍

വടകര: കുട്ടിയുടെ അവകാശത്തെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ പോര് മുറുകുന്നതിനിടെ വടകരയിലുണ്ടായത് നാടകീയ സംഭവങ്ങള്‍. കോടതി നടപടികള്‍ നടക്കുന്നതിന് ഇടയില്‍ കുട്ടിയെയും കൊണ്ട് കാറില്‍ പോകുകയായിരുന്ന സഹോദരി ഭര്‍ത്താവിനെ തടഞ്ഞ് യുവാവ് കാറിന്റെ ബോണറ്റില്‍ കിടന്നു. യുവാവിനെയും കൊണ്ട് കാര്‍ ചീറിപ്പാഞ്ഞു.

വ്യാഴാഴ്ചയാണ് വടകര ടൗണില്‍ സിനിമാ സ്‌റ്റൈല്‍ സംഭവങ്ങള്‍ നടന്നത്. റണ്‍വേ നിയമം തെറ്റിച്ച് കുതിക്കുന്ന കാര്‍, ആ കാറിന്റെ ബോണറ്റില്‍ അള്ളിപ്പിടിച്ച് കിടക്കുകയാണ് യുവാവ്. കോടതി പരിസരം മുതല്‍ സെയ്ന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂള്‍ വരെയാണ് കാറിന്റെ ബോണറ്റില്‍ അള്ളി പിടിച്ച് യുവാവ് കിടന്നത്.

വടകര കുടുംബകോടതിയില്‍ കുട്ടിയുടെ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട കേസില്‍ വിധി കാത്തുനില്‍ക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കാറിന്റെ ബോണറ്റില്‍ കിടന്ന യുവാവിന്റെ സഹോദരിയുടെ കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള കേസിലാണ് കുടുംബ കോടതി വിധി പറയാനിരുന്നത്.

കോഴിക്കോട് സ്വദേശിയാണ് യുവാവിന്റെ സഹോദരിയെ വിവാഹം കഴിച്ചത്. കുടുംബത്തര്‍ക്കം സംബന്ധിച്ച് കോഴിക്കോട് കുടുംബകോടതിയില്‍ കേസ് നടന്നുവരുകയാണ്. കുട്ടിയുടെ സംരക്ഷണച്ചുമതല പിതാവിനാണ് കോടതി ആദ്യം നല്‍കിയത്.

ഇതിനിടയില്‍ കുട്ടിയെ വിട്ടുകിട്ടാന്‍ മാതാവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതുസംബന്ധിച്ച് വിധിപറയാന്‍ കോഴിക്കോട് കോടതി ജഡ്ജി അവധിയായതിനാല്‍ വടകര കുടുംബകോടതി ജഡ്ജിക്ക് ചുമതല നല്‍കി.
ഇതിന്റെ വിധി അറിയാന്‍ വേണ്ടിയാണ് കുട്ടിയും പിതാവും വ്യാഴാഴ്ച വടകര കോടതിയിലെത്തിയത്.

വൈകീട്ട് അഞ്ചുമണി കഴിഞ്ഞതോടെ കോടതി വിധിപറയല്‍ മാറ്റിവെച്ചു. ഇതോടെ കുട്ടിയെയും കൊണ്ട് പിതാവ് കാറില്‍ കയറിയ സമയത്ത് മാതാവിന്റെ സഹോദരനായ യുവാവ് കാര്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ കുട്ടിയുടെ പിതാവ് കാര്‍ മുന്നോട്ടെടുത്ത് ഓടിച്ചുപോയി. യുവാവ് കാറിന്റെ ബോണറ്റിലുമായി.

ഒടുവില്‍ സ്‌കൂള്‍പരിസരത്ത് യുവാവ് റോഡിലേക്ക് വീണു. കാലിന് പരിക്കുണ്ട്. കാര്‍ പിന്നീട് കീഴലില്‍ ആളില്ലാത്ത നിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ യുവാവിനാണ് പരിക്ക്. പരിക്കേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമികചികിത്സ തേടിയശേഷം വടകര പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു.

Exit mobile version