കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

കാസർകോട്: കേരളത്തെ ഞെട്ടിച്ച കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ. തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് പിന്നിൽ. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ കുത്തേറ്റ് മരിച്ചത്. രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന് കുത്തേൽക്കുന്നത്.

യൂത്ത് ലീഗ് കല്ലൂരാവി മുൻസിപ്പൽ സെക്രട്ടറി ഇർഷാദ്, പ്രവർത്തകരായ ഇസ്ഹാഖ്, ഹസ്സൻ തുടങ്ങിയ മൂന്ന് പേർക്കെതിരേയാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്. സംഭവത്തിനിടെ പരിക്കേറ്റ ഇർഷാദ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന ഔഫ് അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇർഷാദ് ഉൾപ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇർഷാദിനെയും ഹസ്സനെയും കണ്ടിരുന്നു എന്ന് ഷുഹൈബ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റിരുന്നത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഔഫിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 35ാം വാർഡിൽ എൽഡിഎഫ് വിജയം നേടിയതോടെയാണ് കല്ലൂരാവിയിലും മുണ്ടത്തോടും അക്രമസംഭവങ്ങൾ ആരംഭിച്ചത്. വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയടക്കമുള്ള സംഘം ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ യൂത്ത് ലീഗുകാർ കല്ലെറിഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവമെന്നാണ് റിപ്പോർട്ട്.

Exit mobile version