‘കള്ള് കുടിക്കുന്നത് കൊണ്ട് രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്’ സല്യൂട്ട് നല്‍കി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Raju | Bignewslive

തിരുവനന്തപുരം: കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്. 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അഭയ കേസില്‍ വിധി പ്രസ്താവിച്ചത്. ഇപ്പോള്‍ കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

അഭയാ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തില്‍ വിശുദ്ധനാണെന്നാണ് മാര്‍ കൂറിലോസ് പറഞ്ഞത്. ‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്.സല്യൂട്ട്, ‘ അദ്ദേഹം കുറിക്കുന്നു.

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. അഭയയ്ക്ക് നീതി കിട്ടിയെന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാജു പ്രതികരിച്ചിരുന്നു.

ആദ്യം മൊഴി പറഞ്ഞ സമയത്ത് എനിക്ക് ധാരാളം വാഗ്ദാനങ്ങള്‍ വന്നിരുന്നുവെന്നും, കോടികളാണ് തനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തതെന്നും രാജു വെളിപ്പെടുത്തിയിരുന്നു. അതേസമയം, ആരുടെയും കൈയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഞാന്‍ ഇന്നും കോളനിയിലാണ് താമസിക്കുന്നതെന്നും രാജു പറഞ്ഞിരുന്നു. അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ടെന്നും രാജു പറഞ്ഞിരുന്നു.

ഇന്ന് കേരളക്കര കേട്ടതും നെഞ്ചോട് ചേര്‍ക്കുന്നതും രാജുവിന്റെ വാക്കുകളാണ്. പിന്നാലെയാണ് ബിഷപ്പിന്റെയും പ്രതികരണം. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്.

Exit mobile version