സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു

covid | bignewslive

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇന്ന് 5711 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,05,705 ആയി. ഇതില്‍ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 6,41,285 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 2816 പേരാണ് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,87,099 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്.ഇന്ന് രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Exit mobile version