പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ് ശ്രീറാം ബാനർ തൂക്കിയ ആർഎസ്എസിന് മറുപടി നൽകി ഡിവൈഎഫ്‌ഐ; അതേസ്ഥലത്ത് ത്രിവർണ പതാക ഉയർത്തി

Flag hoists | Kerala News

പാലക്കാട്: പിടിച്ചെടുത്ത പാലക്കാട് നഗരസഭ നിലനിർത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഛത്രപതി ശിവജിയുടെ ചിത്രം പതിപ്പിച്ച് ‘ജയ് ശ്രീറാം’ ബാനർ ഉർത്തിയ ബിജെപി പ്രവർത്തകർക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ. പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ ജയ്ശ്രീറാം ഫഌ്‌സ് ഉയർത്തിയ അതേ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ദേശീയ പതാക ഉയർത്തി.

നഗരസഭയിലേക്ക് പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി. അതേസമയം, ബിജെപി പ്രവർത്തകരുടെ പേരിൽ ഐപിസി 153ാം വകുപ്പനുസരിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്ന രീതിയിൽ പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്. പാലക്കാട് നഗരസഭാ സെക്രട്ടറിയുടെ പരാതിയെത്തുടർന്നാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രവർത്തകരെ പ്രതിപ്പട്ടികയിൽ ചേർക്കും.

നഗരസഭാ മന്ദിരത്തിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് നഗരസഭാ സെക്രട്ടറിയുടെ പരാതി. തെരഞ്ഞെടുപ്പ് ഫലം വന്ന 16ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പാലക്കാട് നഗരസഭാ ഓഫീസിന്റെ മുകളിൽ കയറിയ ഏതാനും പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും ജയ് ശ്രീറാം എന്നെഴുതിയ ഫഌ്‌സ് ബോർഡും മറുഭാഗത്ത് നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ചിത്രങ്ങളടങ്ങിയ ഫഌ്‌സും ചുവരിൽ വിരിച്ചെന്നുമായിരുന്നു പരാതി.

സംഭവം കണ്ട് പോലീസുകാർ ഓടിയെത്തി നഗരസഭാ മന്ദിരത്തിലെ ഫഌ്‌സ് നീക്കാൻ നിർദേശം നൽകിയിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ഇത് വലിച്ചെടുത്ത് മാറ്റുകയും ചെയ്തു. ഈ സംഭവം വിവാദമായതോടെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അതേസമയം, പാർട്ടിനേതൃത്വത്തിന് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പ്രതികരിച്ചത്.

Exit mobile version