പാലക്കാട് ഫ്‌ളക്‌സ് വിവാദം: വി.കെ ശ്രീകണ്ഠന്‍ എംപി പോലീസില്‍ പരാതി നല്‍കി, വര്‍ഗ്ഗീയ ദ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കനാണ് ബിജെപി ശ്രമമെന്നും എംപി

PALAKKAD bjp, jai sreeram, congress | bignewslive

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ച സംഭവത്തില്‍ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ പോലീസില്‍ പരാതി നല്‍കി. വര്‍ഗ്ഗീയ ദ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കനാണ് ബിജെപി ശ്രമമെന്നും ഫ്‌ളക്‌സ് ഉയര്‍ത്തിയത്തിനെതിരെ കേസ് എടുക്കണമെന്നും വികെ ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടു.

നഗരസഭ കാര്യയത്തിന് മുകളില്‍ കയറി മത ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും , മുദ്രാവാക്യം വിളിക്കുകയും ചെയ്തത് നിയമ വിരുദ്ധമാണ്. പാലക്കാട് നഗരത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനും , വര്‍ഗീയ ദ്രൂവീകരണത്തിനുമായാണ് ഫളക്‌സ് പ്രദര്‍ശിപ്പിച്ചതെന്നും വികെ ശ്രീകണ്ഠന്‍ എംപി പരാതിയില്‍ പറഞ്ഞു. വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനാത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാവൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ളക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷ വീഴ്ച്ചയാണ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മും ആവശ്യപെട്ടു.

വോട്ടെണ്ണല്‍ സമയത്ത് ബിജെപി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ്ശ്രീറാം എഴുതിയ ഫ്‌ളക്‌സുകള്‍ കെട്ടിയത്.സംസ്ഥാനത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന തരത്തിലുള്ള ബിജെപിയുടെ നടപടിക്ക് എതിരെ സംസ്ഥാനത്ത് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിരവധി പ്രമുഖരാണ് ബിജെപിയുടെ വര്‍ഗീയ നടപടിക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.

അതേസമയം സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് രംഗത്ത് വന്നിരുന്നു. ഫ്ളക്സ് തൂക്കിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ലെന്നും ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഫ്ളക്സ് നീക്കം ചെയ്തു എന്നും സംഭവത്തെ ന്യായീകരിച്ച് കൃഷ്ണദാസ് പറഞ്ഞു.

Exit mobile version