ശബരിമല; ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി

sabarimala | big news live

ശബരിമല: ശബരിമലയില്‍ ഞായറാഴ്ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം മാത്രമാകും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു.

ശബരിമലയില്‍ തീര്‍ത്ഥാടനകാലം ആരംഭിച്ചതിന് ശേഷം ഇതുവരെ 51 തീര്‍ത്ഥാടകര്‍ക്കും 245 ജീവനക്കാര്‍ക്കും 3 മറ്റുള്ളവര്‍ക്കും ഉള്‍പ്പെടെ 299 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ പത്തനംതിട്ടയില്‍ 31 ശതമാനവും കോട്ടയത്ത് 11 ശതമാനവും കേസുകളില്‍ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തെരഞ്ഞെടുപ്പ് മൂലമുണ്ടായ ആള്‍ക്കാരുടെ ഇടപെടലും രോഗഭീഷണിയായി മാറിയിട്ടുണ്ട്.

മണ്ഡലകാലം തുടങ്ങി ഒരുമാസത്തിനിടെ പതിനെട്ടാംപടി കയറിയത് 42,480 തീര്‍ഥാടകരാണ്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ തീര്‍ത്ഥാടനം. പോലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവരെ മാത്രമേ നിലയ്ക്കലില്‍നിന്ന് കടത്തിവിടൂ.

Exit mobile version