നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; മിണ്ടാപ്രാണിയോട് കൊടുക്രൂരത കൊച്ചിയിൽ; രോഷം പ്രകടിപ്പിച്ച് സോഷ്യൽമീഡിയ

DOG | Kerala News

കൊച്ചി: നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കണ്ണില്ലാത്ത ക്രൂരത. കൊച്ചിയിലാണ് നായയെ കാറിൽ കെട്ടി റോഡിലൂടെ ഓടിച്ച് പോയി കൊടുംക്രൂരത കാണിച്ചിരിക്കുന്നത്. ടാക്‌സി കാറിന്റെ പിന്നിലാണ് നായയെ കെട്ടിയിട്ട് ഓടിച്ചത്. നിഷ്ഠൂര സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽമീഡിയ പറയുന്നു.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു പിന്നാലെ വന്ന അഖിൽ എന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ആശുപത്രിയിൽനിന്ന് മടങ്ങിവരുന്ന വഴിയായാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് അഖിൽ പറയുന്നു. ദൂരെനിന്ന് നോക്കിയപ്പോൾ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.

ദൃശ്യങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ രോഷം ഉയർന്നതോടെ സംഭവത്തിൽ എറണാകുളം ചെങ്ങമനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എറണാകുളം അത്താണി റോഡിലെ ചാലാക്ക മെഡിക്കൽ കോളേജിനടുത്ത് വെച്ചാണ് സംഭവമുണ്ടായതെന്നാണ് ചെങ്ങമനാട് പോലീസ് പറയുന്നത്. നായയെ കെട്ടിവലിക്കുന്നത് കണ്ടയാൾ വാഹനം തടഞ്ഞുനിർത്തിയപ്പോൾ ഡ്രൈവർ ഇയാളോട് തട്ടിക്കയറുകയും തെറിവിളിക്കുകയുമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു ചെങ്ങമനാട് പോലീസ് പറഞ്ഞു.

അതേസമയം, ആരാണ് വാഹനമോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. നായയുടെ കഴുത്തിൽ കുരുക്കിട്ടാണ് ഓടുന്ന കാറിന് പിന്നിൽ കെട്ടിവലിച്ചത്. കാർ ഓടുന്നതിനിടെ നായ തളർന്നുവീണിട്ടും റോഡിലൂടെ നായയെ കെട്ടിവലിച്ച് കാർ മുന്നോട്ടുപോവുകയായിരുന്നു. അഭിഭാഷക രശ്മിത രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.

Exit mobile version