കഞ്ചാവ് കടത്തുന്നതിനിടെ വാഹനപരിശോധന; രക്ഷപ്പെടാനായി ഓടിക്കയറിയത് പോലീസ് സ്‌റ്റേഷനിൽ! യുവാക്കൾ പിടിയിൽ

youth | Kerala news

കമ്പംമെട്ട്: കഞ്ചാവ് കടത്തുന്നതിനായി കമ്പംമെട്ടിൽ പരിശോധന നടത്തുകയായിരുന്ന സംഘത്തെ വെട്ടിച്ച് കഞ്ചാവുമായി അതിർത്തി കടക്കാൻ ശ്രമിക്കവെ യുവാക്കൾ പിടിയിൽ. രക്ഷപ്പെടാനായി കഞ്ചാവ് അടങ്ങിയ ബാഗുമായി പ്രായപൂർത്തിയാവാത്ത യുവാവ് ഓടിക്കയറിയത് കമ്പംമെട്ട് പോലീസ് സ്റ്റേഷൻ വളപ്പിലേക്ക്. കള്ളിവെളിച്ചത്തായതോടെ സംഭവത്തിൽ നാലുപേരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പോലീസ് സ്‌റ്റേഷനിലും സമീപത്തുമായി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രായപൂർത്തിയാവാത്ത കൗമാരക്കാരനൊപ്പം അടിമാലി ഇരുന്നൂർ ഏക്കർ പുത്തൻപുരക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസഌംനഗറിൽ സബിർ റഹ്മാൻ (22) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ കൈയിൽനിന്ന് മൂന്ന് കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.

കമ്പംമെട്ടിൽ വാഹന പരിശോധന നടക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് ഇരുചക്രവാഹനത്തിൽ യുവാക്കൾ എത്തിയത്. തമിഴ്‌നാട് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച വാഹനം കേരള പോലീസും എക്‌സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തടയുകയായിരുന്നു. ഇതോടെ പരിശോധനാസംഘത്തെ വെട്ടിച്ച് രക്ഷപ്പെടാനായി യുവാക്കളുടെ ശ്രമം.

രക്ഷപ്പെടാനുള്ള തത്രപ്പാടിനിടെ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. വിനീതും 17 വയസുകാരനും ഓടിരക്ഷപ്പെടാൻ മുന്നിൽ കണ്ട ഇടവഴിയിലൂടെ ഓടി. എന്നാൽ നേരെ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്കായിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ അതിൽനിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ടുപേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്ക് മറ്റൊരാളുടെ വിളിയെത്തി.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കുമുൻപേ അതിർത്തി കടന്ന സുഹൃത്തുക്കളാണ് ഫോണിൽ വിളിച്ചതെന്ന് മനസ്സിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ആദർശിനെയും സബിറിനെയും ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.

പിന്നീട് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർ കെഎസ് ജോസഫിന്റെ സാന്നിധ്യത്തിൽ പോലീസ് കഞ്ചാവ് അളന്നു തിട്ടപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി. കമ്പംമെട്ട് സിഐ ജി സുനിൽകുമാർ, എസ്‌ഐമാരായ ചാക്കോ, സുലേഖ, മധു, ഹരിദാസ്, സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ്, ആർ ബിനുമോൻ, രാജേഷ്, ശ്രീജു, രാജേഷ്‌മോൻ, ഷമീർ, റെക്‌സ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സിആർസതീഷ്, സിറിൾ ജോസഫ്, ഷോബിൻ മാത്യു, സെയിൽസ് ടാക്‌സ് ഡ്രൈവർ ജിജോ മാത്യു എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്തിയ സംഘത്തെ പിടികൂടിയത്.

Exit mobile version