ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ടുചെയ്യണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളും; ശരണംവിളികളോടെ തെരഞ്ഞെടുപ്പ് പ്രചാരണം, സുരേഷ് ഗോപിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി കൃഷ്ണകുമാറും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പ്രസംഗവുമായി നടന്‍ കൃഷ്ണകുമാര്‍. ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ടുചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. തിരുവനന്തപുരം നഗരസഭയിലേക്കുള്ള പ്രചാരണത്തിനിടെയായിരുന്നു കൃഷ്ണകുമാറിന്റെ വിവാദ പ്രസംഗം.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിക്കുമെന്നും ഭരണം ബിജെപിക്ക് തന്നെയായിരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അയ്യപ്പ ശരണ വിളികളോടെയാണ് കൃഷ്ണകുമാര്‍ പ്രചരണം നടത്തുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൊന്നടങ്കം പ്രചരിക്കുകയാണ്.

അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് താമര കുത്തിയിറക്കണമെന്നും അത് മാത്രമാണ് നമ്മുടെ ജോലിയെന്നും അദ്ദേഹം പറയുന്നുണ്ട്. ‘എട്ടാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക.

എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ്. ബാക്കി അയ്യപ്പന്‍ നോക്കിക്കോളും. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയത്തോടെ ജയിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ’, കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ.

തിരുവനന്തപുരത്ത് ബിജെപിയുടെ കണ്‍വെന്‍ഷനുകളിലടക്കം സജീവ സാന്നിധ്യമാണ് കൃഷ്ണകുമാര്‍. സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയും കൃഷ്ണകുമാര്‍ ബിജെപിക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്‍ഡിഎയ്ക്ക് അനുകൂലമായ അത്ഭുതകരമായ വിജയം തിരുവനന്തപുരത്തുണ്ടാകുമെന്നാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലടക്കം ആവര്‍ത്തിക്കുന്നത്.

Exit mobile version