തദ്ദേശ തെരഞ്ഞെടുപ്പ് : സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്തവര്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ അതാത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി / അസി. സെക്രട്ടറി) ഫോണില്‍ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പരസ്യപ്പെടുത്താന്‍ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ റെസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖാന്തിരവും പ്രചരിപ്പിക്കാം.

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം പുരോഗമിക്കുകയാണ്. സ്‌പെഷ്യല്‍ പോല്‍ഗ് ഓഫീസറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് താമസ സ്ഥലത്തെത്തിയാണ് ബാലറ്റ് വിതരണം ചെയ്യുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം സ്‌പെഷ്യല്‍ പോല്‍ഗ് ഓഫീസര്‍ക്ക് നേരിട്ടോ വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ആള്‍വശമോ ബാലറ്റ് എത്തിക്കാം. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ തയ്യാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചത്.

Exit mobile version