പിറവം പള്ളി; ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്നും പോലീസ് പിന്മാറി; സംഘര്‍ഷത്തില്‍ അയവ്

വിധിപ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്‍ പള്ളിയിലെത്താനിരിക്കെയാണ് യാക്കോബായ വിഭാഗക്കാരായ പുരോഹിതരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോലഞ്ചേരി: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനായി പോലീസ് എത്തിയതോടെ പിറവം പള്ളിയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അയവ്. പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭക്ക് പൂര്‍ണമായി വിട്ടുനല്‍കിയ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനിടെയാണ് യാക്കോബായ വിശ്വാസികള്‍ സ്ഥലത്തെത്തി സംഘര്‍ഷം സൃഷ്ടിച്ചത്.

വിധിപ്രകാരം ഓര്‍ത്തഡോക്‌സ് വൈദികന്‍ പള്ളിയിലെത്താനിരിക്കെയാണ് യാക്കോബായ വിഭാഗക്കാരായ പുരോഹിതരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയത്. യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിക്ക് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പുരോഹിതരുമായി ചര്‍ച്ച നടത്തിയ പോലീസ് നടപടിയുണ്ടാവില്ലെന്ന് അറിയിച്ചു. ഇതേതുടര്‍ന്ന് പുരോഹിതന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പള്ളിക്ക് മുകളില്‍ കയറിയ വിശ്വാസികള്‍ താഴെയിറങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് പള്ളിവളപ്പില്‍ നിന്ന് പിന്‍മാറി.

പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നല്‍കാന്‍ കോടതി വിധിയില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിധി നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം നടത്തിയത്. ഏപ്രില്‍ 19നാണ് പിറവം പള്ളിയിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള സര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ വിധി വന്നത്. യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്നായിരുന്നു വിധി.

പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെ ഹൈക്കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

Exit mobile version