എല്ലാവർക്കും അറിയാം; കർഷക സമരത്തിൽ രാഷ്ട്രീയ അജണ്ടയുണ്ട്: ആരോപണങ്ങളുമായി മേജർ രവി

major ravi | Kerala news

കൊച്ചി: ഡൽഹിയിലേക്ക് കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് സംവിധായകൻ മേജർ രവി. കർഷക സമരത്തിൽ രാഷ്ട്രീയ അജണ്ടയുണ്ട്. അത് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു കർഷക സമരത്തെ കുറിച്ച് പരാമർശിച്ചത്. കർഷകർക്ക് ഗുണം നൽകുന്ന ഒന്നാണ് പുതിയ കാർഷിക ബില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

കോർപ്പറേറ്റുകൾ പണം തന്നില്ലെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നുള്ളതിൽ ഒരു വ്യക്തതവേണമെന്ന് താൻ എവിടേയോ പറയുന്നത് കേട്ടെന്നും അതിൽ പ്രധാനമന്ത്രി വ്യക്തത വരുത്തിയാലും ഈ സമരം തീരില്ലെന്നും മേജർ രവി ആരോപിച്ചു. കാരണം ഇതിന് പിന്നിൽ രാഷ്ട്രീയ അജണ്ടയാണ്. ഫെയ്‌സ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബില്ല് എന്തുതന്നെ ആയാലും കർഷകൻ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ല് ഉറപ്പ് നൽകുന്നുണ്ട്. ഉദാഹരണത്തിന് ഉള്ളിക്ക് 20 രൂപയാണ് മുടക്ക് മുതലെങ്കിൽ 25 രൂപക്ക് തങ്ങൾ എടുക്കാമെന്ന് കോർപ്പറേറ്റുകൾ കൃഷി ഇറക്കുന്നതിന് മുമ്പേ തന്നെ പറയുകയാണ്. വിളവെടുക്കുമ്പോൾ ഉള്ളിക്ക് 10 രൂപ ആയാലും 25 രൂപ കർഷകന് കിട്ടും അതാണ് ഇതിന്റെ ഗുണം. അതേസമയം വിളവെടുപ്പ് സമയത്ത് ഉള്ളിക്ക് വില മുപ്പതോ നാൽപതോ ആയാലും നേരത്തെ ഉറപ്പിച്ച 25 രൂപയേ ലഭിക്കൂവെന്നും മേജർ രവി പറഞ്ഞു.

പക്ഷെ, ഉറപ്പാക്കുന്ന തുക നൽകാൻ കോർപ്പറേറ്റുകൾ പൂർണ്ണ ഉത്തരവാദിയാകുമോ എന്നത് നിയമത്തിൽ പറയുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയാലും കർഷക സമരം പിൻവലിക്കാനിടയില്ലെന്നും മേജർ രവി ലൈവിൽ അഭിപ്രായപ്പെട്ടു.

Exit mobile version