മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും

നേരത്തെ പത്തനംതിട്ട കോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് പിന്നാലെ മത വികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 14 ന് പരിഗണിക്കും. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ പത്തനംതിട്ട കോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കുറ്റമൊന്നും ചെയ്തില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്യം എല്ലാ പൗരന്‍മാര്‍ക്കും ലഭിക്കുന്നുണ്ടോയെന്ന കാര്യം കോടതി പരിശോധിക്കണം. തന്റെ മക്കളെ പോലും സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്നും രഹ്ന ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

രഹ്‌നയെ ചോദ്യംചെയ്യാന്‍ പോലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പോലീസിന് രണ്ട് മണിക്കൂര്‍ അനുവദിക്കാമെന്ന് കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, സമയം മതിയാവില്ലെന്ന് കാണിച്ച് പോലീസ് റിവ്യൂ ഹരജി നല്‍കിയിരിന്നു. കൊട്ടാരക്കര സബ് ജയിലാണ് രഹന ഫാത്തിമ.

Exit mobile version