മണികണ്ഠന്‍ പുലിപ്പാല്‍ അന്വേഷിച്ചെത്തി പരമശിവന്‍ ദര്‍ശനം നല്‍കിയ കൊടും വനം..!അയ്യന്റെ ഈ പുത്തന്‍ ശബരിമലയിലേക്ക് ഋതുമതികളായ സ്ത്രീകള്‍ക്കും പ്രവേശനം

പത്തനംത്തിട്ട: ഇന്നത്തെ തലമുറയ്ക്ക് അറിയാത്ത ഐതിഹാസികമായ അയ്യപ്പന്റെ ചരിത്രം വിളിച്ചോതുകയാണ് പുത്തന്‍ ശബരിമല ക്ഷേത്രം. പണ്ട് അമ്മയുടെ അസുഖം മാറുന്നതിനായി കാട്ടിലേക്ക് പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പര്‍ണശാലയില്‍ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവന്‍ മണികണ്ഠനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു പുലിപ്പാല്‍ ലഭിക്കാനുള്ള ഉപദേശം നല്‍കിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠന്‍ അവിടെ നിന്നും ഉദ്ധിഷ്ടകാര്യ നിറവില്‍ കൊട്ടാരത്തിലേക്കു മടങ്ങി.

അന്നു മണികണ്ഠന്‍ പുലിപ്പാല്‍ അന്വേഷിച്ചെത്തുകയും പരമശിവന്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ആ വനപ്രദേശമാണ് പിന്നീട് പുത്തന്‍ ശബരിമല എന്നറിയപ്പെടാന്‍ തുടങ്ങിയത്. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്നു ഇവിടെ, എന്നാല്‍ ശബരിമലയിലെ പോലെ സ്ത്രീകള്‍ക്ക് ഇവിടെ യാതൊരു വിവേചനവും ഇല്ല ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പുത്തന്‍ശബരിമലയിലെത്താം.

ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലര്‍ത്തുന്ന പുത്തന്‍ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂര്‍ പഞ്ചായത്തിലെ തടിയൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോള്‍ പുത്തന്‍ ശബരിമലയിലെ അയ്യന്റെ ദര്‍ശനം ലഭിക്കും.

യഥാര്‍ത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ഈ ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിര്‍മിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തന്‍ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു. കന്നിരാശിയില്‍ ഗണപതിയും കുംഭരാശിയില്‍ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാര്‍ത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിര്‍മിച്ച പതിനെട്ടുപടികള്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലില്‍ കൊത്തിയ രൂപങ്ങളും പടികളില്‍ ഏറ്റവും താഴെയായി കാണാന്‍ കഴിയും.

പുലിപ്പാല്‍ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാര്‍ അദ്ദേഹത്തിന്റെ പാദുകങ്ങള്‍ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിര്‍മിക്കുകയും ആരാധന തുടര്‍ന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ഈ ക്ഷേത്രം അഗ്‌നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ഈ ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940-കളിലാണ് ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999- ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്.

നാല്‍പത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോല്‍ക്കാന്‍ കഴിയാത്തവര്‍ക്കും ഋതുമതികളായ സ്ത്രീകള്‍ക്കും ഈ ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവര്‍ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാര്‍ഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതല്‍ 14 വരെയാണ് ഈ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട

തിരുവല്ലയില്‍ നിന്ന് 21 കിലോമീറ്ററും റാന്നിയില്‍ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാല്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ഈ പുത്തന്‍ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം.

Exit mobile version