‘റോസാപ്പൂ’വിനെ പേടിച്ച് ബിജെപി; പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള ‘റോസാപ്പൂ’ ചിഹ്നം നല്‍കിയെന്നാണ് ബിജെപിയുടെ ആരോപണം.

തിരുവനന്തപുരം കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി അപരന്‍മാര്‍ക്ക് തങ്ങളുടെ ചിഹ്നമായ താമരയോട് സാദൃശ്യമുള്ള ചിഹ്നം അനുവദിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത് പിന്‍വലിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഒരു സ്ഥലത്തല്ല പലയിടങ്ങളിലും ബിജെപി അപരന്മാര്‍ക്കും ‘റോസാപ്പൂ’ തന്നെയാണ് നല്‍കിയിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ‘റോസാപ്പൂ’ ചിഹ്നം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

‘റോസാപ്പൂ’ തങ്ങള്‍ക്ക് കിട്ടുന്ന വോട്ടുകള്‍ കൂടി കൊണ്ടുപോവുമോ എന്ന ആശങ്കയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. തെരഞ്ഞെടുപ്പ് അടുക്കാറായിരിക്കെ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണവും ശക്തമായിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണത്തെ തെരഞ്ഞടുപ്പ് പ്രചാരണം.

Exit mobile version