10,+2 അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണം; നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസവകുപ്പ്

school

തിരുവനന്തപുരം: പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശം. 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകണമെന്നാണ് സര്‍ക്കുലര്‍. റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക, പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് അധ്യാപകരോട് സ്‌കൂളില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

ജനുവരി 15-ന് പത്താം ക്ലാസ്സുകളുടെയും ജനുവരി 30-ന് പ്ലസ്ടു ക്ലാസ്സുകളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുവാന്‍ ക്രമീകരണം ഉണ്ടാക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ സാഹചര്യമുണ്ടാകുമ്പോള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസ്സുകളും നടത്താനാണ് തീരുമാനം. കൈറ്റും എസ്സിഇആര്‍ടിയും നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1 മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറാകുവാന്‍ ക്രമീകരണങ്ങള്‍ നടത്തുവാനും തീരുമാനിച്ചു.പൊതുവിദ്യാഭ്യാസെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുമായി മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അണ്‍ലോക്ക് മാനദണ്ഡങ്ങളുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാമെന്നാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമാകുമ്പോള്‍ മാത്രമേ സ്‌കൂളുകള്‍ തുറക്കേണ്ടതുള്ളൂ എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും അറിയിച്ചിരുന്നു. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Exit mobile version