‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്, രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിക്കുക’; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം രാഷ്ട്രീയആയുധമാക്കി എപി അബ്ദുള്ളക്കുട്ടി

മലപ്പുറം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എങ്കിലും വിജയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് ബിജെപി. ശബരിമല വിവാദമാണ് വോട്ടുപിടിക്കാന്‍ ഇത്തവണയും രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുന്നത്.

ശബരിമല ശാസ്താവിനെ മനസ്സിലോര്‍ത്തു ഇടത് പക്ഷത്തിന് എതിരെ വോട്ട് ചെയ്യണമെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. വണ്ടൂരില്‍ നടന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്. എനിക്ക് പറയാന്‍ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കില്‍ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക” – പ്രസംഗത്തില്‍ ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ പറഞ്ഞു.

ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണ പ്രചരണങ്ങളുടെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണ് കേരളത്തില്‍ അങ്ങളോമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം.വണ്ടൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട അറുപതോളം പേര്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Exit mobile version