വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റേയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണ കോടതിയെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണത്തിനിരയായ നടിയും സര്‍ക്കാരും ഉന്നയിച്ചത്. നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടര്‍ന്ന് വിസ്താരത്തിനിടെ പലവട്ടം താന്‍ കോടതിമുറിയില്‍ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സര്‍ക്കാരിന്റെയും പരാതി. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹര്‍ജിയിലുണ്ടായിരുന്നു.

Exit mobile version