പാര്‍ട്ടിയിലെ തര്‍ക്കവും വിഭാഗീയതയും ചര്‍ച്ച ചെയ്യില്ല; യോഗം ബഹിഷ്‌കരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ കെ സുരേന്ദ്രന്‍

കൊച്ചി: ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്ന വിഭാഗീയത ആരോപണങ്ങള്‍ ഇന്നത്തെ നേതൃയോഗത്തില്‍ ചര്‍ച്ചയാവില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ഭിന്നതയുണ്ട് എന്നത് മാധ്യമ സൃഷ്ടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ അജണ്ടയിലല്ല പാര്‍ട്ടി യോഗം. എല്ലാ നേതാക്കളെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. ആരെയും വിട്ടുപോയിട്ടില്ലെന്നും എന്നാല്‍ യോഗത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്ന് യോഗത്തിന് ശേഷം അറിയാമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യോഗം ബഹിഷ്‌കരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെയാണ് വിഷയം യോഗം ചര്‍ച്ച ചെയ്യില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാതെ നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ശോഭ വ്യക്തമാക്കിയിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായാണ് ബിജെപി നേതൃയോഗം വിളിച്ചുചേര്‍ത്തത്. പ്രശ്‌നം പരിഹരിക്കാതെ യോഗത്തിനില്ലെന്ന് ശോഭ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തന്നെ തരംതാഴ്ത്തുകയാണെന്നും സുരേന്ദ്രന്‍ പക്ഷമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും ശോഭ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്‌തേക്കുമെന്നായിരുന്നു സൂചനകള്‍.

Exit mobile version