ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കും; സ്വകാര്യ ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തന്നെ തുടർന്നേക്കും. ഇബ്രാഹിംകുഞ്ഞിന് ആശുപത്രിയിൽ കിടത്തി ചികിത്സ തന്നെ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. ഇതോടെ നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

അറസ്റ്റിന് കളമൊരുങ്ങുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലെ വിജിലൻസ് സംഘം അദ്ദേഹം ചികിത്സയിലാണെന്ന് അറിഞ്ഞ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിൽ നിന്ന് രക്ഷതേടാൻ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു ഇബ്രാഹികുഞ്ഞെന്നാണ് വിജിലൻസ് വാദം.

ഇതിനിടെ, മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇബ്രാഹിംകുഞ്ഞ് ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും.

Exit mobile version