ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ വിട്ടയക്കണം, സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് പോയ രഹനയെ തടവിലടച്ചത് അപലപനീയം..! ഫ്രീ രഹ്ന ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ സംഗമം ഡിസംബര്‍ 15ന്

കൊച്ചി: ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഡിസംബര്‍ 15ന് എറണാകുളത്ത് പ്രതിഷേധ സംഗമം നടത്തുമെന്ന് ഫ്രീ രഹ്‌നാ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് രഹ്നയെ പത്തനംത്തിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്നു പറയുന്ന സര്‍ക്കാര്‍ സുപ്രീം കോടതി വിധി പ്രകാരം ശബരിമലയിലേക്ക് പോയ രഹന ഫാത്തിമയെ തടവിലടച്ചത് തീര്‍ത്തും അപലപനീയവും പ്രതിഷേധാഹര്‍ഹവുമാണ് . ജനാധിപത്യ വിരുദ്ധമായ ഈ നടപടി തിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണം. രഹനയെ നിരുപാധികം വിട്ടയക്കണമെന്നും കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. ശബരിമല വിധി നടപ്പാക്കാന്‍ വന്നത് ധിക്കാരമായി കണ്ടു. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്. സുപ്രീംകോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാന്‍ ശ്രമിച്ചത്. ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ലിംഗ നീതിയും, ജാതി സമത്വവും ഉറപ്പുവരുത്തുന്നതിന് ഭരണകൂടം പരാജയപ്പെട്ടുവെന്നും എഴുത്തുകാരി സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

മല കയറുന്നതിന് മുമ്പ് രഹ്‌ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് കേസിന് കാരണമായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തിരുന്നത്.

Exit mobile version