കെ സുരേന്ദ്രന് വിനയായി പഴയ ഫേസ്ബുക്ക് കുറിപ്പ്; ഇനിയെങ്കിലും പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് ബിജെപി അധ്യക്ഷന് അംഗീകരിക്കാമല്ലോയെന്ന് ജനങ്ങള്‍

കൊച്ചി: ദേശീയപാത വികസനവും ഗെയില്‍ വാതക പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരണവും സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറഞ്ഞുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറച്ച് കാലം മുമ്പ് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആ കുറിപ്പ് സുരേന്ദ്രന് തന്നെ വിനയായിരിക്കുകയാണിപ്പോള്‍.

കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നു കെ സുരേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്തുള്ളതാണ് കുറിപ്പ്.

‘മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലുള്ള രണ്ട് പ്രധാനപ്പെട്ട വെല്ലുവിളികള്‍ ദേശീയ പാതാ വികസനവും ഗെയില്‍ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരണവും ആയിരിക്കും. ഇത് രണ്ടും ഫലപ്രദമായി വിജയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് അതൊരു നേട്ടമായിരിക്കും അത് അത്ര എളുപ്പമാവില്ലായെന്നാണ് എന്റെ പക്ഷം.’ എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.

എന്നാല്‍ നിലവില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതോടെ കുറിപ്പ് സുരേന്ദ്രന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൊച്ചി- മംഗളൂരു ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്.

പദ്ധതി പൂര്‍ത്തിയായതോടെ മംഗ്‌ളൂരുവിലെ വ്യവസായ ശാലകളില്‍ ഒരാഴ്ച്ചക്കുള്ളില്‍ വാതകമെത്തുമെന്നും പിണറായി വിജയന്‍ അറിയിച്ചിരുന്നു. ദേശീയ പാതാ വികസനത്തിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ മാസം പതിമൂന്നിനായിരുന്നു ദേശീയ പാതാ വികസത്തിന്റെ തറക്കല്ലിടല്‍.

ആറുവരി ദേശീയ പാതക്ക് കേന്ദ്ര മാനദണ്ഡ പ്രകാരം 60 മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താണ് ദേശീയ പാതാ വികസനം നടപ്പിലാക്കുന്നത്.. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

Exit mobile version