കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണ്ണവും 25 കിലോ വെള്ളിയും കവര്‍ന്നു, നഷ്ടപ്പെട്ടത് ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണ്ണം

കൊച്ചി: കൊച്ചി ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണ്ണവും 25 കിലോ വെള്ളിയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ജ്വല്ലറിയോട് ചേര്‍ന്നുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്.

ഇന്ന് രാവിലെ ജ്വല്ലറി ഉടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ജ്വല്ലറിയുടെ ഉടമ വിജയകുമാര്‍ സ്ഥാപനം പൂട്ടിയിട്ട് വീട്ടിലേക്ക് പോയത്. കഴിഞ്ഞദിവസം അവധിയായിരുന്നു. ജ്വല്ലറിയോട് ചേര്‍ന്ന് തന്നെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ ആയിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതെന്നും ജ്വല്ലറിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ വിജയകുമാര്‍ പറഞ്ഞു. എസിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version