തെരഞ്ഞെടുപ്പ് ചൂടില്‍ നെട്ടോട്ടം ഓടുമ്പോഴും സംസ്‌കരിക്കാന്‍ ആളില്ലാതെ വന്ന കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ച് അനസ് അലി മനുഷ്യത്വത്തിന്റെ അപാരത കൊണ്ട് മാതൃകയായി

ആലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം മാറുമ്പോഴും കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഒരു കണിക പോലും കുറവ് വരുത്താതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും സാമൂഹ്യ പ്രതിബദ്ധതയുള്ള കുറെ മനുഷ്യര്‍ നേതൃത്വം കൊടുക്കുന്നു എന്നതിന്റെ വാര്‍ത്തയാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് -കരുവാറ്റയില്‍ നിന്ന് ലഭിക്കുന്നത്.

കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്‌കാരം നടത്താന്‍ ആളില്ലാതെ വന്നപ്പോള്‍ മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിച്ച് മാതൃകയായി സ്ഥാനാര്‍ത്ഥി കൂടിയായ അനസ് അലി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കരുവാറ്റ വടക്ക് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അനസ് അലി മറ്റുള്ള സ്ഥാനാര്‍ഥികളില്‍ നിന്നു വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ മനുഷ്യത്വ പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.

കരുവാറ്റയില്‍ കൊവിഡ് പോസിറ്റീവായി മരണപ്പെട്ടയാളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ആളില്ല എന്ന അവസ്ഥ ഉണ്ടായി. ബന്ധുമിത്രാദികള്‍ എല്ലാം ക്വാറന്റൈനിലായത് കാരണം. പക്ഷെ ഈ വിഷമകരമായ വാര്‍ത്ത അറിഞ്ഞ ഉടനെ അനസ് അലി കോവിഡ് ബാധിതന്റെ മൃതദേഹം ഏറ്റെടുത്ത് ദഹിപ്പിക്കാന്‍ സന്നദ്ധനായി ഇറങ്ങുകയായിരുന്നു. സഹ പ്രവര്‍ത്തകരെയും കൂട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി ആലപ്പുഴ നഗരസഭയുടെ ചാത്തനാട്ടെ പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുകയായിരുന്നു

ഡിവൈഎഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ പ്രഡിഡന്റും ഇപ്പോള്‍ സംസ്ഥാന കമിറ്റി അംഗവുമാണ് അനസ് അലി. ജില്ലയില്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അനസ് വഹിച്ച പങ്കും വളരെ വലുതാണ്. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം പേരും വോട്ട് പിടിക്കാനുള്ള ഓട്ടത്തില്‍ ആവുന്ന സമയത്തും കൊവിഡ് എന്ന മഹാമാരി പിഴുതെറിയുന്ന മനുഷ്യ ജീവിതങ്ങള്‍ക്കൊപ്പവും അവരുടെ സങ്കടങ്ങള്‍ക്കൊപ്പവും നില്‍ക്കുന്ന അനസ് അലിയെ പോലുള്ളവര്‍ മനുഷ്യത്വത്തിന്റെ മനോഹരമായ അപാരത കൊണ്ടാണ് മാതൃകയാകുന്നത്.

Exit mobile version