ബിജെപിയില്‍ ചേരില്ല, വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്ന് തുറന്നുപറഞ്ഞ് ദേവന്‍

കൊച്ചി: ബിജെപി മുന്നണിയില്‍ ചേരില്ലെന്ന് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ദേവന്‍. ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ വ്യക്തിത്വം അടിയറ വെയ്ക്കാന്‍ താന്‍ തയാറല്ലെന്നും ദേവന്‍ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ല. എന്നാല്‍ സമാന ചിന്താഗതിയുള്ള പ്രാദേശിക പൗരസമിതി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയും സഹായവും നല്‍കുമെന്നും നിലവിലെ രാഷ്ട്രീയ ജീര്‍ണതയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ദേവന്‍ വ്യക്തമാക്കി.

ഒരു മുന്നണിയുമായും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കും. സംസ്ഥാനത്തെ മുന്നണികളില്‍ മാലിന്യ സംസ്‌കരണം അനിവാര്യമാണ്. പാര്‍ട്ടികളല്ല, അവയെ നയിക്കുന്ന നേതാക്കളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്നും ദേവന്‍ പറഞ്ഞു.

നവകേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങില്‍ നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ. നിസാം, യൂത്ത് വിങ് പ്രസിഡണ്ട് അശോകന്‍ എന്നിവരും പങ്കെടുത്തു.

Exit mobile version