ഒരു മെമ്പർ പോലുമില്ലാത്ത കാലത്ത് ബിജെപിയിൽ എത്തിയതാണ്; അധികാര മോഹമില്ല; തർക്കത്തെ കുറിച്ച് വിശദമായി പറയാനുണ്ടെന്ന് ശോഭ സുരേന്ദ്രൻ

sobha surendran1

തിരുവനന്തപുരം: ബിജെപി പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ ശോഭ സുരേന്ദ്രൻ ബിജെപിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച് കൂടുതൽ ഉടൻ പ്രതികരിക്കാമെന്ന് അറിയിച്ചു.

പാർട്ടിയിലെ തർക്കവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മാധ്യമങ്ങളോട് വരും ദിവസങ്ങളിൽ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അധികാരമോഹിയാണെങ്കിൽ ബിജെപിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബിജെപിക്ക് ഒരു മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ് പാർട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.

തുടക്കം മുതൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായ ഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം നൽകാത്തതാണ് ശോഭയെ ചൊടിപ്പിച്ചത്. ഇക്കാര്യം തുറന്നുകാട്ടി മാധ്യമങ്ങൾക്ക് മുന്നിലും ശോഭ സുരേന്ദ്രൻ എത്തിയിരുന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ലെന്നാണ് സൂചനകൾ.

അതേസമയം, തർക്കത്തെ തുടർന്ന് ദേശീയ നേതൃത്വത്തിന്റെ ഉപദേശം തേടി കെ സുരേന്ദ്രൻ ബിജെപി ദേശീയധ്യക്ഷൻ ജെപി നദ്ദയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിലെത്തിയാണ് കെ സുരേന്ദ്രൻ നദ്ദയെ കണ്ടത്. എന്നാൽ അദ്ദേഹവും സുരേന്ദ്രനെ കൈയ്യൊഴിഞ്ഞതായാണ് സൂചന.

Exit mobile version