ബിജെപിയില്‍ തര്‍ക്കം മുറുകുന്നു, ശോഭ സുരേന്ദ്രന്‍ അടക്കുമുള്ള നേതാക്കള്‍ക്ക് താക്കീത് നല്‍കി എപി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: സംസ്ഥാന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ട് മുന്നിലെത്തി നില്‍ക്കേ ബിജെപിയ്ക്കുള്ളിലെ തര്‍ക്കം മുറുകുന്നത് പാര്‍ട്ടിക്ക് വന്‍ തലവേദനയായിരിക്കുകയാണ്. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെ ഒരുമിച്ച് കൂട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കലാപക്കൊടി ഉയര്‍ത്തുകയാണ് ശോഭാ സുരേന്ദ്രന്‍.

അതിനിടെ ശോഭാ സുരേന്ദ്രന്‍ അടക്കം വിമത ശബ്ദം പരസ്യമായി ഉയര്‍ത്തിയവരെ താക്കീത് ചെയ്തിരിക്കുകയാണ് എപി അബ്ദുളളക്കുട്ടി. എന്ത് തരം പ്രശ്നം ആയാലും അതെല്ലാം സംഘടനയ്ക്ക് ഉളളില്‍ തന്നെ പറയുന്നത് ആയിരുന്നു മര്യാദ എന്നാണ് എപി അബ്ദുളളക്കുട്ടി കുറ്റപ്പെടുത്തിയിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും നടത്തിയ ഇടപെടലുകള്‍ക്ക് പോലും ബിജെപിക്കുളളിലെ വിമതരെ തണുപ്പിക്കാനായിട്ടില്ല. കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പദവിയില്‍ തരം താഴ്ത്തി എന്നാരോപിച്ചാണ് ശോഭാ സുരേന്ദ്രന്‍ പരസ്യമായി പോരിന് ഇറങ്ങിയത്.

ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നും തന്നോട് ചോദിക്കാതെ സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ചു എന്നുമാണ് ശോഭാ സുരേന്ദ്രന്റെ പരാതി. ശോഭാ സുരേന്ദ്രന് പിന്നാലെ പിഎം വേലായുധനും കെപി ശ്രീശനും അടക്കമുളള നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തി.

കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് ശേഷം പാര്‍ട്ടിയില്‍ തഴയപ്പെടുന്നു എന്നതാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിക്കുന്ന പരാതി.

Exit mobile version