നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീട്ടി ഹൈക്കോടതി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 16ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെയ്ക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് കാണിച്ച് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സർക്കാറും പ്രോസിക്യൂഷനും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണക്കോടതിയുടെ നടപടികൾ പക്ഷപാതപരമാണെന്ന് ആക്രമണത്തിന് ഇരയായ നടി ഹർജിയിൽ പറഞ്ഞിരുന്നു. തന്നോട് പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, രഹസ്യ വിചാരണ ആയിരുന്നിട്ടുപോലും നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല തുടങ്ങിയ നിരവധി ആക്ഷേപങ്ങൾ നടി ഉന്നയിക്കുന്നു. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പോലും കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Exit mobile version