ശശി തരൂരിന് വെല്ലുവിളിയായി ഇടുക്കിക്കാരി, നെടുനീളന്‍ വാക്ക് കൊണ്ട് തരൂരിനെ ഞെട്ടിച്ച് 15കാരി, അഭിനന്ദനം

തൊടുപുഴ: കഠിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറഞ്ഞ് ഞെട്ടിക്കാറുള്ള ശശി തരൂരിനെ ഞെട്ടിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി. 54 അക്ഷരങ്ങളുള്ള നെടുനീളന്‍ വാക്ക് ഒട്ടും തെറ്റിക്കാതെ ദിയ പറയുന്നതുകേട്ടപ്പോള്‍, വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന തരൂരും ശരിക്കും ഫ്‌ലാറ്റായി.

മാധ്യമങ്ങളില്‍ വന്ന ദിയയുടെ വാര്‍ത്ത കേട്ടാണ് ശശി തരൂര്‍ വിളിച്ചത്. അടിമാലി പാറത്തോട് വള്ളോംപുരയിടത്തില്‍ ബിനോയി സിറിയക്കിന്റെ മകളായ പത്താംക്ലാസ് വിദ്യാര്‍ഥിനി ദിയ. ഇംഗ്ലീഷിലെ നീളംകൂടിയ വാക്കുകള്‍ കണ്ടുപിടിച്ച് അത് തെറ്റാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പറഞ്ഞുതീര്‍ത്താണ് ദിയ ശ്രദ്ധനേടിയത്.

ശശി തരൂരിന്റെ ഇംഗ്ലീഷ് ചലഞ്ചുകള്‍ ഏറ്റെടുത്താണ് ദിയയും ഈ വഴിയിലേക്ക് തിരിഞ്ഞത്. എന്നെങ്കിലും ശശി തരൂരുമായി സംസാരിക്കണമെന്ന് ദിയയുടെ ആഗ്രഹമായിരുന്നു. ക്ലബ്ബ് എഫ്.എം. ആണ് ഇതിന് അവസരമൊരുക്കിയത്. ദിയയുമായുള്ള സംസാരത്തിനിടെ അപ്രതീക്ഷിതമായി ലൈവിലെത്തിയ തരൂര്‍, പഠിച്ച വാക്കുകളെപ്പറ്റി ചോദിച്ചറിഞ്ഞു.

ഒന്നുരണ്ടെണ്ണം കേട്ടുകഴിഞ്ഞപ്പോള്‍ തനിക്കുപോലും ഇങ്ങനെ സാധിക്കില്ലെന്ന് മനസ്സറിഞ്ഞ് അഭിനന്ദിച്ചു. 15 വയസ്സുകാരിയുടെ ഓര്‍മശക്തിക്കും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കി. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കൊച്ചുമിടുക്കിയുടെ ആഗ്രഹങ്ങള്‍ ചോദിച്ച തരൂരിനോട്, താങ്കളുടെ പാത പിന്‍തുടരാനാണ് ഇഷ്ടമെന്നായിരുന്നു ദിയയുടെ മറുപടി.

Exit mobile version