എപ്പോൾ വേണമെങ്കിലും മാറാമെന്ന് ചാനൽ; ആദ്യം ഗ്രാഫിക്ക് ഡിസൈനറെ മാറ്റ്; എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ; മീഡിയവണ്ണിനെ വിമർശിച്ച് ശോഭ സുരേന്ദ്രൻ

കൊച്ചി: മാറിയ കാലത്ത് പരസ്യങ്ങളും ക്യംപെയ്‌നുകളും ആളുകളെ ആകർഷിക്കാൻ വ്യത്യസ്തമായാണ് അണിയിച്ചൊരുക്കുന്നത്. മുമ്പ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് സ്വന്തം പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയും പരസ്യക്യാംപെയ്‌നുകൾ നടത്തുകയും ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാതരം പരസ്യവും പ്രമോഷനും ഓൺലൈനിലൂടെ ആയിരിക്കുകയും സോഷ്യൽമീഡിയയുടെ പങ്കാളിത്തം ഏറെ ഉണ്ടാവുകയും ചെയ്യുന്ന ഈ കാലത്ത് വിമർശനങ്ങളെ പരസ്യമാക്കി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് മീഡിയ വൺ ചാനൽ.

നവംബർ നാല് മുതൽ ചാനലിന് വരുത്തിയ മാറ്റത്തെ ജനങ്ങളിലേക്ക് എത്തിക്കാനായി രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ ഉപയോഗിച്ച് വിമർശന തലവാചകങ്ങളെഴുതി പ്രമോഷൻ നടത്തിയ മീഡിയവണ്ണിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. ശോഭ സുരേന്ദ്രന്റെ ചിത്രം ഉപയോഗിച്ച് ‘എപ്പോൾ വേണമെങ്കിലും മാറാം’ എന്ന തലക്കെട്ട് നൽകി പ്രമോഷന് ഉപയോഗിച്ചതാണ് ശോഭയെ ചൊടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തിന് എതിരായ ബിജെപിയിലെ പരസ്യമായ പടയൊരുക്കങ്ങളും ശോഭ സുരേന്ദ്രൻ പാർട്ടി വിടാൻ പോകുന്നു എന്ന വാർത്തകളുമൊക്കെയാണ് മീഡിയവണ്ണിന്റെ തലക്കെട്ടിന് പിന്നിൽ. എന്നാൽ ഇതത്ര രസിക്കാതിരുന്ന ശോഭ സുരേന്ദ്രൻ ‘മീഡിയ വൺ നവംബർ നാല് മുതൽ മാറാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യം അതിന്റെ ഗ്രാഫിക്ക് ഡിസൈനറെ മാറ്റുന്നത് നല്ലതായിരിക്കും എന്നൊരു നിർദ്ദേശം മുന്നോട്ട് വെയ്ക്കുന്നു. ജമാ അത്തെ ഇസ്ലാമിക്കാരോട് മാറാൻ പറയാൻ പറ്റില്ലല്ലോ. എന്ത് നിലവാരം കുറഞ്ഞ ക്രോപ്പിംഗ് ആണ് പഹയാ..‘- എന്ന് സോഷ്യൽമീഡിയയിൽ കുറിച്ചു.

നേരത്തെ, ‘ചിലർ മാറുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ചും, ‘ഞങ്ങൾ പറഞ്ഞതെല്ലാം മാറ്റിയില്ലേ’ എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രവും അടങ്ങിയ പോസ്റ്ററുകൾ മീഡിയ വൺ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയിരുന്നു.

‘ചിലർക്ക് ഒരു മാറ്റവുമില്ല’ എന്നായിരുന്നു സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചിത്രമടങ്ങിയ പോസ്റ്ററിലെ വാചകങ്ങൾ. ഇടവേളകളില്ലാത്ത മാറ്റമെന്ന തലക്കെട്ടിൽ പിസി ജോർജ്ജിനേയും പോസ്റ്ററിലൂടെ പരിഹസിച്ചിരുന്നു.

Exit mobile version