വിദേശ പഠനം ആഗ്രഹിക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽപ്പെട്ട ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എഞ്ചിനീയറിങ്/ പ്യുവർ സയൻസ്/ അഗ്രിക്കൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ഉപരി പഠനം നടത്താനുള്ള സ്‌കോളർഷിപ്പാനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പിജി/ പിഎച്ച്ഡി കോഴ്‌സുകൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ്. പിന്നാക്ക വിഭാഗ വകുപ്പാണ് ഓവർസീസ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടുതലല്ലാത്ത വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും.

അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 30 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, കവടിയാർ പിഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.

Exit mobile version